അനുമതിപത്രമില്ലാതെ ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം പേരെ തിരിച്ചയച്ചു

ജിദ്ദ: അനുമതിപത്രമില്ലാതെ ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം പേരെ അധികൃതര്‍ തിരിച്ചയച്ചു. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷമാണ് രണ്ടു ലക്ഷം പേരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചത്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയ 1,99,404 പേരെയാണ് കഴിഞ്ഞ ദിവസം വരെ മക്കയുടെ പ്രവേശന കവാടങ്ങളില്‍ നിന്ന് തിരിച്ചയച്ചതെന്നു ഹജ്ജ് സുരക്ഷാ സേന മേധാവി ജനറല്‍ ഖാലിദ് അല്‍ ഹര്‍ബി അറിയിച്ചു.

പ്രത്യേക പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്നതിന് ശ്രമിച്ച 89,039 വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു. ഹജ്ജിനു അനുമതി പത്രമില്ലാതെ നുഴഞ്ഞു കയറുന്നതു തടയുന്നതിനും ,നിയലംഘകരെ പിടികൂടുന്നതിനും മക്കയ്ക്ക്‌ സമീപമുള്ള മുഴുവന്‍ നിരത്തുകളിലും താല്‍ക്കാലിക ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചതായി ഹൈവേ പോലീസ് മേധാവി ജനറല്‍ സായിദ് അല്‍ തുവയ്യാന്‍ പറഞ്ഞു.

നിയമ ലംഘകരെ മക്കയിലേക്ക് കടക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമ ലംഘകരായ വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തും. കൂടാതെ പത്തുവര്‍ഷം കഴിയാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്തു പ്രവേശിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുവെന്നും ജനറല്‍ സായിദ് അല്‍ തുവയ്യാന്‍ പറഞ്ഞു.

അതേസമയം വാണിജ്യാവശ്യങ്ങള്‍ക്കായി സന്ദര്‍ശന വിസകളിലെത്തിയവര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനൊരുങ്ങുന്നതായി പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. സന്ദര്‍ശന വിസകളിലുള്ളവര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നിതിനു നിലവില്‍ വിലക്കുണ്ട്.

Top