‘ഓപ്പറേഷൻ താമര’ നീക്കം പൊളിഞ്ഞുവെന്ന് ജനതയെ ബോധ്യപ്പെടുത്തണം; അരവിന്ദ് കെജ്രിവാൾ

ദില്ലി : ദില്ലി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ നീക്കം പൊളിഞ്ഞുവെന്ന് ദില്ലി ജനതയെ ബോധ്യപ്പെടുത്താനാണ് നടപടിയെന്നും കെജ്‌രിവാൾ അറിയിച്ചു.

എന്നാൽ അഴിമതി ആരോപണങ്ങളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുളള ശ്രമമാണ് കെജ്രിവാൾ നടത്തുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ദില്ലി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആരാണ് ആവശ്യപ്പെട്ടതെന്ന് ബിജെപി ചോദിച്ചു. ദില്ലിയിലെ സർക്കാർ സുരക്ഷിതമാണെന്നും മദ്യനയ അഴിമതി കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായുള്ള അടവാണിതെന്നും ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.

ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയ സംഭവങ്ങൾക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെന്ന ആരോപണമാണ് ആംആദ്മി ഉയര്‍ത്തിയത്. ദില്ലി സർക്കാരിനെ വീഴ്ത്താൻ 40 എംഎൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവർക്ക് 800 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നും നേരത്തെ കെജ്രിവാൾ തുറന്നടിച്ചിരുന്നു.

Top