ജനങ്ങള്‍ അരക്ഷിതാവസ്ഥയിൽ ; മോദി ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന്‌ അരുണ്‍ ഷോരി

ന്യൂഡല്‍ഹി: മോദിയേക്കാള്‍ അരക്ഷിതനും ദുര്‍ബലനുമായ പ്രധാനമന്ത്രി ഇതുവരെ അധികാരത്തില്‍ ഇരുന്നിട്ടില്ലെന്ന് എഴുത്തുകാരനും മുന്‍ ബിജെപി നേതാവുമായ അരുണ്‍ ഷോരി.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി താന്‍ രാഷ്ട്രീയ നിരീക്ഷണം നടത്തുന്നു. ഇപ്പോഴുള്ള യാഥാര്‍ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അരുണ്‍ഷോരി വിമര്‍ശിച്ചു.

കുപ്രചരണങ്ങളെ അവരുടെ തന്നെ കൃതികള്‍ വായിച്ചും വ്യാഖ്യാനിച്ചുമാണ് മറികടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ പുതിയ കാലഘട്ടത്തില്‍ ലോകത്തില്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.

അതുകൊണ്ടുതന്നെ കുപ്രചരണങ്ങളും വളച്ചൊടിക്കലും എളുപ്പം മറനീക്കി പുറത്തുവരുമെന്നു അരുണ്‍ ഷോരി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ടൈംസ് ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

അരക്ഷിതാവസ്ഥയുടെ ഏറ്റവും മേല്‍തട്ടിലായതുകൊണ്ട് തന്നെ ഇതുവരെ മറ്റൊരു പ്രധാനമന്ത്രിയുടെ ഓഫീസും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ ദുര്‍ബലമായിട്ടില്ല’ എന്ന് അരുണ്‍ഷോരി ചൂണ്ടിക്കാട്ടി.

‘അംബേദ്കര്‍ ഹിന്ദുത്വത്തെയും ബിജെപിയെയും അനുകൂലിച്ചു എന്ന തരത്തില്‍ ചിലപ്പോള്‍ ബിജെപി വാദങ്ങളുന്നയിച്ചിട്ടുണ്ട്. അംബേദ്കറുടെ തന്നെ ‘റിഡ്ഡില്‍സ് ഇന്‍ ഹിന്ദൂയിസം’ എന്ന പുസ്തകം വായിച്ച് ഇത്തരം വാദങ്ങളെ നമുക്ക് ചോദ്യം ചെയ്യാനാകുമെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.

Top