കർഷകസമരം ഇന്ന് രാജ്യവ്യാപകമായി വഴിതടയും

ന്യൂഡൽഹി: മോഡി സർക്കാരിന്റെ കോർപറേറ്റ്‌‌ അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘടനകൾ ശനിയാഴ്‌ച പകൽ 11 മുതൽ മൂന്നു‌വരെ രാജ്യവ്യാപകമായി വഴിതടയും. റിപ്പബ്ലിക്‌ ദിനത്തിലെ കിസാൻ പരേഡിനു‌ശേഷം കർഷകസംഘടനകൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയാണിത്‌.

ദേശീയപാതകൾ കർഷകർ ഉപരോധിക്കുന്നതിനാൽ തലസ്ഥാന നഗരത്തിനുള്ളിൽ വഴിതടയലുണ്ടാകില്ല. ആംബുലൻസ്‌, സ്‌കൂൾ ബസ്‌ തുടങ്ങി അവശ്യസർവീസുകൾ അനുവദിക്കും. വഴിതടയൽ കാരണം‌ വാഹനങ്ങൾ നിർത്തേണ്ടി വരുന്നവർക്ക്‌ കർഷകർ വെള്ളവും ഭക്ഷണവും നൽകും. മൂന്നുമണിക്ക്‌ ഉപരോധം അവസാനിക്കും– സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ദേശീയപാതകളും സംസ്ഥാന പാതകളും പഞ്ചായത്ത്‌ റോഡുകളും ഉപരോധിക്കുമെന്ന്‌ കർഷകസംഘടനകൾ അറിയിച്ചു. വഴിതടയൽ വിജയിപ്പിക്കാൻ ഡൽഹി അതിർത്തികളിൽ സമരത്തിലുള്ള കർഷകരിൽ നല്ലൊരു പങ്കും ഗ്രാമങ്ങളിലേക്ക്‌ മടങ്ങി.

വഴിതടയൽ സമരത്തിന്റെ ഭാഗമായി കേരളത്തിൽ‌ ശനിയാഴ്‌ച പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. പകൽ 11 ന്‌ മുഴുവൻ പഞ്ചായത്തുകളിലെയും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ്‌ പ്രതിഷേധ കൂട്ടായ്മ.

Top