വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ വ്യക്തിയുടെ വിലാസം തെളിയിക്കുന്ന ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.

അവസാന പേജില്‍ വ്യക്തിയുടെ വിലാസം പൂര്‍ണ്ണമായി ഉണ്ടായിരുന്നതിനാല്‍ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ വിലാസം ഉള്‍കൊള്ളുന്ന പേജ് നീക്കം ചെയ്തതോടെ വ്യക്തി വിവരങ്ങള്‍ തെളിയിക്കാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമവിദഗ്ധര്‍ അറിയിച്ചു.

നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ഒന്നാംപേജില്‍ വ്യക്തിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണ് ഉള്ളത്. ഇതുവഴി വിവരങ്ങള്‍ സമഗ്രമായി ലഭിക്കുന്നതിനാല്‍ എമിഗ്രേഷന്‍ ഡിപ്പോര്‍ട്ട്‌മെന്റിലോ പാസ്‌പോര്‍ട്ട് ഓഫീസിലോ അവസാന പേജ് പരിശോധിക്കാറില്ല.

പാസ്‌പോര്‍ട്ടിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ്‌ അധികൃതര്‍ വിവരങ്ങള്‍ ലഭ്യമാക്കിയിരുന്നത്. ഇത്തരം വിവരങ്ങള്‍ മറ്റു ഏജന്‍സികള്‍ക്കു ലഭിക്കില്ല. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

Top