മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല: പി ജയരാജന്‍

കോഴിക്കോട്: ഉറച്ച നിലപാടുമായി വീണ്ടും സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ രംഗത്ത്. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാര്‍ട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ പറഞ്ഞു.

ഇനി ആരുടെയെങ്കിലും മക്കള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ തന്നെ ഉള്‍പ്പെട്ട വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി.ജയരാജന്റെ ഈ മറുപടി. മകന്‍ എന്തെങ്കിലും ഇടപാടുകളില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവന്‍ തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി.ജയരാജന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്ന വാദത്തേയും അദ്ദേഹം നിഷേധിച്ചു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരേ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും ജയരാജന്‍ പറഞ്ഞു.

ഇപ്പോഴും കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ജയരാജന്റെ മക്കളെ കണ്ടു പഠിക്കണമെന്ന ഉപദേശം പാര്‍ട്ടി അണികള്‍ തന്നെ നേതാക്കള്‍ക്ക് നല്‍കുമ്പോഴാണ് വേറിട്ട പ്രതികരണവുമായി ജയരാജന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Top