കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കും: ഉമ്മന്‍ചാണ്ടി

കണ്ണൂർ: സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വമാണ്. എല്ലാ വശവും പരിശോധിച്ചായിരിക്കും തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ.വി.തോമസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന്് കെ.മുരളീധരനും പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ അത് ശശി തരൂരിനോട് കൂടി ചെയ്യുന്ന തെറ്റായിരിക്കും. ശശി തരൂരിന് പങ്കെടുക്കണമെന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കണമെന്നുണ്ടായി. എന്നാല്‍ പ്രത്യോക സാഹചര്യം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം മാറി നിന്നു. തോമസ് മാഷ് പങ്കെടുക്കുക മാത്രമല്ല ഏകാധിപതിയായിട്ട് മാര്‍ക്സിസ്റ്റുകാര്‍ പോലും കാണുന്ന മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി. രാഹുല്‍ ഗാന്ധിയെ ഹിന്ദു വര്‍ഗീയ വാദിയെന്ന് വിളിച്ച വ്യക്തിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.

അതുകൊണ്ടാണ് ഇന്നലെ വേട്ടാന്‍ വരുന്ന പോത്തിനോട് വേദമോതണ്ടെന്ന് പറയാന്‍ കാരണം. ഈ രണ്ട് വെട്ടു പോത്തുകളോടും കോണ്‍ഗ്രസ് സംസ്‌കാരം പറഞ്ഞിട്ടും ഒരു കാര്യമില്ല. എ.കെ.ജിയുടെ പാരമ്പര്യമൊന്നും ഇപ്പോഴത്തെ മാര്‍ക്‌സിസ്റ്റുകാര്‍ക്കില്ല. അതുകൊണ്ട് ഇന്നലെ പങ്കെടുത്തത് തെറ്റാണ്. പ്രസംഗം അതിലേറെ തെറ്റായി പോയെന്നും കെ.മുരളീധരന്‍ പറഞ്ഞു. കെപിസിസി ഇന്നലെ നടപടി സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് സ്വാഭാവികമായി എഐസിസി അംഗീകരിക്കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

 

Top