ഇനി സിനിമയില്‍ അഭിനയിക്കണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു, ഇഷ്ട താരം മമ്മൂട്ടി ; എംഎം മണി

സിനിമ കാണാന്‍ വളരെ ഇഷ്ടമുള്ള ആളാണ് താനെന്ന് തുറന്ന് പറഞ്ഞ് എംഎം മണി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയവരെ ഒത്തിരി ഇഷ്ടമാണെന്നും എംഎം മണി പറഞ്ഞു. ഇനി സിനിമയില്‍ അഭിനയിക്കണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചുവെന്നും അതിന് ശേഷം പോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ അഭിനയിക്കേണ്ടാന്ന് പാര്‍ട്ടി തീരുമാനിച്ചു. പിന്നീട് അഭിനയിക്കാന്‍ അവസരം വന്നുമില്ല ഞാന്‍ പോയുമില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ദിലീപിനെയും എനിക്ക് ഇഷ്ടമാണ്. കലാകാരന്മാര്‍ എന്ന നിലയില്‍ ഇഷ്ടമാണ്. നടന്മാരെ നടന്മാരായിട്ട് കണ്ടാമതി. സമയം കിട്ടുമ്പോഴൊക്കെ സിനിമ കാണാറുണ്ട്. മമ്മൂട്ടിയോട് പിന്നെ രഹസ്യമായ കാരണം കൊണ്ടും ഇഷ്ടമാണ്. അതാണ് അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം. നടിമാരില്‍ എനിക്ക് ലളിത, പദ്മിനി, രാഗിണി ഇവരെയൊക്കെ ഇഷ്ടമായിരുന്നു. നടന്മാരില്‍ സത്യന്‍, നസീര്‍, പിന്നെ മമ്മൂട്ടി. അതൊക്കെ പിന്നത്തെ തലമുറയിലുള്ളവരാണ്. കലാകാരന്മാരെ എല്ലാവരെയും ഇഷ്ടമാണ്’, എന്നാണ് എം എം മണി പറഞ്ഞത്.

‘സ്ഥിരം സിനിമ കാണുന്ന ആളായിരുന്നു ഞാന്‍. ഒരു സിനിമ തന്നെ പല തവണ കണ്ടിട്ടുണ്ട്. നല്ല കഥയുള്ള എല്ലാ സിനിമകും കാണും അവ ഇഷ്ടവുമാണ്. കാതല്‍ കണ്ടെന്നാണ് എന്റെ ഓര്‍മ. നേര് കണ്ടിരുന്നു. മലൈക്കോട്ടൈ വാലിബനും കണ്ടു. എന്തെങ്കിലും ഒരു നേരംമ്പോക്ക് വേണ്ടേ’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു എം എം മണിയുടെ പ്രതികരണം. ഇരുവഴി തിരിയുന്നിടം എന്ന ചിത്രത്തിലാണ് എം എം മണി അഭിനയിച്ചത്. 2015ല്‍ ബിജു സി കണ്ണന്റെ സംവിധാനത്തില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കലാഭവന്‍ മണി ആയിരുന്നു നായകന്‍. ശ്രീകുമാര്‍,സുരഭി ലക്ഷി,ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Top