കുട്ടനാട്ടില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കും; പി ജെ ജോസഫ്

ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ്‌ പി.ജെ ജോസഫ്. കുട്ടനാട് സീറ്റ് സംബന്ധിച്ച്‌ യു.ഡി.എഫില്‍ നേരത്തെ തന്നെ ധാരണയുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ലെന്നും വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പുതിയ തലത്തിലെത്തിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടതോടെ യുഡിഎഫില്‍ പ്രശ്‌നപരിഹാരം കൂടുതൽ സങ്കീര്‍ണമാവുകയാണ്.അതേസമയം എന്‍.സി.പി നേതൃത്വം പറഞ്ഞാല്‍ കുട്ടനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് വ്യക്തമാക്കി.

സി.പി.എമ്മിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും കുടുംബത്തിന്റെ താത്പര്യം നേരത്തെതന്നെ എന്‍.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.

Top