തിരഞ്ഞെടുപ്പിൽ പണം ഒഴുക്കി മത്സരിച്ച് വീണ്ടും പാർട്ടികൾ, മറക്കരുത് അജിത് സർക്കാറിനെ

രാജ്യത്ത് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലമാണ്. പർവ്വതങ്ങളുടെ നാടായ ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടക്കും. അടുത്ത വർഷം കർണ്ണാടകയിലും തുടർന്ന് പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും. 2024 – ഏപ്രിലോടെയാണ് ലോകസഭ തിരഞ്ഞെടുപ്പ് നടക്കുക. ഇതോടൊപ്പം തന്നെ ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ഒക്ടോബറിൽ കാലാവധി അവസാനിക്കുന്ന മഹാരാഷ്ടയിലും ഹരിയാനയിലും ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആഗ്രഹിച്ചാൽ അതും സംഭവിക്കും.

ഇതെല്ലാം മുൻകൂട്ടി കണ്ടുള്ള ഭാരത യാത്രയാണ് രാഹുൽ ഗാന്ധി ഇപ്പോൾ നടത്തുന്നത്. പ്രതിപക്ഷ മഹാസഖ്യമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ബി.ജെ.പിയാകട്ടെ മോദിക്ക് മൂന്നാം ഊഴം ഉറപ്പിച്ച മട്ടിലാണ് മുന്നോട്ട് പോകുന്നത്. അണിയറയിൽ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നത് സാക്ഷാൽ അമിത്ഷായാണ്. തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ ‘പണവും പവറുമെല്ലാം’ ബി.ജെ.പിക്ക് ആവശ്യത്തിൽ ഏറെയാണ്. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് തന്നെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാനും ശ്രമങ്ങൾ ശക്തമാണ്. തെലങ്കാനയിൽ രാജ്യം കണ്ടത് അതാണ്. എന്തിനേറെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സിനെ ബി.ജെ.പി പിളർത്തിയിരിക്കുന്നത്. ഗോവയിൽ മുൻപ് സംഭവിച്ചതും ഇതു തന്നെയാണ്. ജനാധിപത്യ വിരുദ്ധ നിലപാടാണിത്.

പ്രതിയശാസ്ത്രപരമായ അവബോധവും സംഘടനാപരമായ കെട്ടുറപ്പും ഇല്ലാത്തതാണ് കോൺഗ്രസ്സിന്റെ ദൗർബല്യമെങ്കിൽ, ഇത് രണ്ടുമുള്ള ശിവസേനയെ ബി.ജെ.പി പിളർത്തിയത് കേന്ദ്രത്തിലെ ‘പവർ ‘ ഉപയോഗിച്ചാണ് എന്നതും നാം ഓർക്കണം. നോട്ടുകെട്ടുകളെ സ്നേഹിക്കുകയും എൻഫോഴ്സ്മെന്റിനെ പേടിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളാണ് പരിവാർ കൂടാരത്തിൽ ചേക്കേറിയിരിക്കുന്നത്. പണം, അതു തന്നെയാണ് ഇത്തരക്കാരുടെ അടിസ്ഥാന പ്രശ്നം. അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻ നിർത്തി ഒഴുക്കുന്നത് കോടികളാണ്. ഇക്കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസ്സും മാത്രമല്ല കെജരിവാളിന്റെ ആം ആദ്മി പാർട്ടിയും ഒരേ തൂവൽ പക്ഷികളാണ്. ഈ പാർട്ടികൾക്കെല്ലാം കോടികൾ നൽകാൻ കോർപ്പറേറ്റുകൾ ഉൾപ്പെടെ സജീവമായി ‘കള’ത്തിലുണ്ട്. ഗുജറാത്തിൽ ഈ മൂന്ന് പാർട്ടികളും പ്രചരണത്തിനും മറ്റുമായി “പണം ചിലവഴിക്കുന്ന കാര്യത്തിലും”, മത്സരിക്കുന്ന സാഹചര്യമാണുള്ളത്. വല്ലാത്തൊരു മത്സരം തന്നെയാണിത്.

ഇതൊക്കെ വിലയിരുത്തുന്ന ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും അജിത് സർക്കാർ എന്ന കമ്യൂണിസ്റ്റിനെ ഓക്കാതിരിക്കാൻ കഴിയുകയില്ല. അക്രമികളുടെ വെടിയേറ്റ് ജീവൻ വെടിയും വരെ എങ്ങനെയാകണം ഒരു രാഷ്ട്രീയ നേതാവെന്ന പാഠമാണ് അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കും പകർന്നു നൽകിയിരുന്നത്. 1980 മുതല്‍ തുടര്‍ച്ചയായി 4 തവണയാണ് പുര്‍ണിയ മണ്ഡലത്തില്‍ നിന്നും സി.പി.എം പ്രതിനിധിയായി അജിത് സര്‍ക്കാര്‍ നിയമസഭയിലെത്തിയിരുന്നത്. ഓരോ തിരിഞ്ഞെടുപ്പ് വരുമ്പോഴും ഗ്രാമങ്ങളില്‍ മണ്‍കുടങ്ങള്‍ പ്രതിഷ്ഠിച്ച് ഒരു രൂപ നാണയം സംഭാവന സ്വീകരിച്ചാണ് പ്രചരണത്തിനുള്ള പണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്വരൂപിച്ചിരുന്നത്. അന്നും ഇന്നും രാജ്യത്തെ മറ്റൊരു മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിയും ഇതുപോലെ ഒരു ഫണ്ട് ശേഖരണം നടത്തിയ ചരിത്രമുണ്ടായിട്ടില്ല.

ഭീഷണിപ്പെടുത്തിയും നിറം പിടിപ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കിയും പാവം ജനതയെ കറവപശുക്കളാക്കി പിരിവ് നടത്തിയ ചരിത്രമാണ് ഇവിടെ ബഹുഭൂരിപക്ഷത്തിനും പറയാനുണ്ടാകുക. ഒരു വ്യവസായിയുടെ മുന്നിലും അജിത് സര്‍ക്കാര്‍ കൈ നീട്ടിയിട്ടില്ല. ഒരു മോഹന വാഗ്ദാനവും മരണം വരെ നല്‍കിയിട്ടുമില്ല. പണം നല്‍കിയില്ലെങ്കില്‍ കടകള്‍ അടപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുമില്ല. ഇതെല്ലാം സ്ഥിരമായി നടക്കുന്ന ഗുണ്ടായിസം കൊടികുത്തി വാഴുന്ന മണ്ഡലത്തിലാണ് ഈ കമ്യൂണിസ്റ്റ് പലവട്ടം വിജയം കൊയ്തിരുന്നത്. ജനങ്ങള്‍ക്കൊപ്പം അവരിലൊരാളായി എപ്പോഴും നിന്ന് നീതിക്കായി നടത്തിയ പോരാട്ടമാണ് അജിത് സര്‍ക്കാറിന്റെ വിജയത്തിന് കാരണമായിരുന്നത്.

അജിത് സര്‍ക്കാരിനെ രാഷ്ട്രീയ എതിരാളികള്‍ വെടിവച്ചുകൊന്നത് 1998 ജൂണ്‍ 14നായിരുന്നു. ജനകീയനായ എം എല്‍ എ എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ അജിത് സര്‍ക്കാര്‍ 1995ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് ക്രിമിനല്‍ പശ്ചാത്തലമുള്ള പപ്പു യാദവിനെയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ അക്രമികള്‍ സുഭാഷ് നഗറില്‍ കാര്‍ തടഞ്ഞു വെടിവെച്ചു കൊന്നത്. 107 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇതില്‍ നിന്ന് തന്നെ ശത്രുതയുടെ ആഴം എത്ര വലുതാണെന്ന് വ്യക്തമാണ്. എസ്എഫ്ഐയിലൂടെയായിരുന്നു അജിത് സര്‍ക്കാര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ഭൂരഹിതരായ ജനങ്ങള്‍ക്ക ുവേണ്ടി അദ്ദേഹം ധീരമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ജന്മിമാര്‍ കൈവശം വെച്ച മിച്ചഭൂമിയില്‍ ജനങ്ങളെ അണിനിരത്തി അവകാശം സ്ഥാപിക്കുകയും ചെയ്തു. ഇത് ജന്മികളില്‍ പലരുടെയും ശത്രുതയ്ക്ക് കാരണമായ സംഭവങ്ങളാണ്.

പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി വീടുകള്‍ നിര്‍മ്മിച്ചു കൊടുത്ത അജിത് സര്‍ക്കാരിന് പക്ഷേ സ്വന്തമായി ഒരു വീടില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. അജിത് സര്‍ക്കാര്‍ 1980ല്‍ കോണ്‍ഗ്രസിന്റെ ശാരദാ പ്രസാദ്, 1985ല്‍ കമല്‍ഡിയ നാരായണ്‍ സിന്‍ഹ, 1990ല്‍ ജനതാദളിന്റെ രവീന്ദ്ര നാരായണ്‍ സിംഗ്, 1995 ല്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജേഷ് രാജന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയിരുന്നത്. തുടര്‍ച്ചയായ വിജയമായിരുന്നു ഇത്. ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ഖാന്‍ പോലും അജിത് സര്‍ക്കാരിന്റെ ജീവചരിത്രം കേട്ട് അന്തം വിട്ടു പോയിട്ടുണ്ട്. അമീര്‍ഖാന്‍ അവതാരകനായ ‘സത്യമേവ ജയതേയുടെ’ അവസാന എപ്പിസോഡില്‍ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നു പറയുകയുമുണ്ടായി.

ഇതുപോലുള്ള രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നും അജിത് സര്‍ക്കാറിന്റെ മരണം തന്നെ വല്ലാതെ ദുഖിപ്പിക്കുന്നു എന്നുമാണ് അമീര്‍ ഖാന്‍ കണ്ണീരോടെ പറഞ്ഞിരുന്നത്. ഈ ദൃശ്യം ചാനല്‍ പരിപാടി കണ്ടവരുടെ കരളലിയിക്കുന്നതായിരുന്നു. പേരിനൊപ്പമുള്ള ‘സര്‍ക്കാര്‍’ നാമവും അജിത് സര്‍ക്കാരിന് തികച്ചും യോജിച്ചതു തന്നെയായിരുന്നു. എം.എല്‍.എ ആകാതിരുന്ന സമയത്തു പോലും ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് അവിടുത്തെ പാവങ്ങള്‍ക്ക് നീതി വാങ്ങി കൊടുത്ത ‘സമാന്തര സര്‍ക്കാര്‍’ തന്നെ ആയിരുന്നു ഈ കമ്മ്യൂണിസ്റ്റ്.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അധികാരം ഒരിക്കലും പരമ പ്രധാനമല്ല. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണത്. അധികാരമില്ലെങ്കിലും അവര്‍ അവരുടെ കടമകള്‍ നിര്‍വ്വഹിക്കുക തന്നെ ചെയ്യും. ജനകീയ ഇടപെടലുകള്‍ക്ക് അധികാരം ആവശ്യമില്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റുകള്‍. അജിത് സര്‍ക്കാറിന്റെ അനുയായികള്‍ ഇപ്പോള്‍ പിന്തുടരുന്നതും ഈ പ്രവര്‍ത്തന രീതി തന്നെയാണ്.

EXPRESS KERALA VIEW

Top