പാക്കിസ്ഥാന്‍ ചാര സംഘടന ഇന്ത്യന്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ ഇന്ത്യന്‍ പ്രതിരോധ സേനാംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം.

കഴിഞ്ഞ വര്‍ഷമാണ് സംശയകരമായ സാഹചര്യത്തില്‍ ഒരു പാക്കിസ്ഥാന്‍ ഐ പി അഡ്രസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

എത്തിക്കല്‍ ഹാക്കര്‍മാരുടെ സഹായത്തോടെ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയുടെതാണെന്ന് തിരിച്ചറിഞ്ഞു. 40,000ത്തോളം ഇന്ത്യക്കാരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ അവര്‍ കൈക്കലാക്കിയെന്നും മനസിലാക്കി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കിയിരുന്ന മൂന്ന് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്ന് കണ്ടെത്തിയത്.

പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടേതുമടക്കമുള്ള വിവരങ്ങളാണ് പാക്ക് ചാരസംഘടനയായ ഐ എസ് ഐ , ഇന്ത്യന്‍ സേന ന്യൂസ്, ഭാരതീയ സേന ന്യൂസ്, ഇന്ത്യന്‍ ഡിഫന്‍സ് ന്യൂസ് എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമിച്ചത്.

ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ അറിയാതെ അവരുടെ കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ നിയന്ത്രണം കൈക്കലാക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.

സൈനികര്‍, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും സൈന്യത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരും ഇവയുടെ ഫെയ്‌സ് ബുക്ക് പേജുകള്‍ അടക്കം പിന്തുടരുന്നവരായിരുന്നു.

നിര്‍ത്തലാക്കുന്നതിന് മുമ്പ് സൈന്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള 1200 പേര്‍ ഇന്ത്യന്‍ ഡിഫന്‍സ് ന്യൂസും 3,300 പേര്‍ ഭാരതീയ സേന ന്യൂസും പിന്തുടര്‍ന്നിരുന്നു.

ഈ ആപ്പുകള്‍ ഉപയോഗിച്ച് എസ് എം എസ് അയക്കാനും വീഡിയോ, കോള്‍ എന്നിവ റെക്കോഡ് ചെയ്യാനും സാധിച്ചിരുന്നു. ഇതിന് പുറമേ സ്‌ക്രീന്‍ ഷോട്ടുകള്‍, ഫയലുകള്‍ എന്നിവ അയക്കാനും ഈ ആപ്പുകളില്‍ സംവിധാനങ്ങളുണ്ടായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആ ആപ്ലിക്കേഷനുകളെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാല്‍ പിന്നീട് ഈ മൂന്ന് ആപ്ലിക്കേഷനുകളും പിന്‍വലിക്കപ്പെട്ടു.

ഐ എസ് ഐയോ മറ്റ് സംഘടനകളോ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന ഒട്ടനവധി ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്ന് അപരിചിതമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്നും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പാലിക്കേണ്ട ശ്രദ്ധയെപ്പറ്റിയും സര്‍ക്കാര്‍ പ്രതിരോധ രംഗത്തുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top