തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാഠമാക്കി സംഘടനയെ ശക്തിപ്പെടുത്തണം ; സോണിയ

soniya gandhi

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാഠമാക്കി ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് സംഘടനയെ ശക്തിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

സംഘടനാ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് നിര്‍വാഹക സമിതിയില്‍ സോണിയ അറിയിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവി സംബന്ധിച്ച് പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചയായില്ല.

ഡിസംബര്‍ 31നു മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം എന്നാണ് കോണ്‍ഗ്രസിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അഞ്ചു ഘട്ടമായിട്ടാണ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 20 വരെ പുതിയ പേരുകള്‍ ചേര്‍ക്കാം. സെപ്റ്റംബര്‍ നാലിനു മുമ്പ് ബ്ലോക്ക് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കണം. ജില്ലാ പ്രസിഡന്റുമാരെ സെപ്റ്റംബര്‍ 15നു മുമ്പും പിസിസി പ്രസിഡന്റുമാരെ ഒക്ടോബര്‍ 15നു മുമ്പും തിരഞ്ഞെടുക്കണം.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. ഒരു മാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Top