പെൻഷൻ പ്രായവർധന പിൻവലിച്ച ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം : പെൻഷൻ പ്രായവർധന പിൻവലിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ലേക്ക് ഉയർത്തിയത് കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായതിന് പിന്നാലെ പിൻവലിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവാണ് ഇന്ന് പുറത്തിറക്കിയത്. ഒക്ടോബർ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെൻഷൻ പ്രായം ഉയർത്താൻ അനുമതി നൽകിയത്. ഒക്ടോബർ 29 ന് ഇത് സംബന്ധിച്ച് ഇറക്കിയ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷത്തിന് ഒപ്പം ഇടത് മുന്നണിക്കുള്ളിൽ നിന്നും പ്രതിഷേധമുണ്ടായി.

തുടർന്ന് നവംബർ 2 ലെ മന്ത്രിസഭ യോഗത്തിൽ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓരോ പൊതുമേഖല സ്ഥാപനത്തിന്റേയും നിലവിലുള്ള സ്ഥിതി വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായിരിക്കുമെന്ന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. 128 സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം ഉയർത്തിയത്. ഓരോ സ്ഥാപനത്തിനും വെവേറെ ഉത്തരവുകൾ ഇറങ്ങുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്.

പാര്‍ട്ടിയില്‍ ആലോചിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം കൂട്ടിയതിലെ കടുത്ത അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. നയപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് എംവി ഗോവിന്ദന്‍ നല്‍കുന്നത്. പാർട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സർക്കാറിൻറെ തീരുമാനത്തെ ഇത്ര രൂക്ഷമായി എംവി ഗോവിന്ദൻ പരസ്യമായി വിമർശിക്കുന്നത്. പെൻഷൻ പ്രായം ഉയർത്തൽ സർക്കാർ തിരുത്തിയെങ്കിലും പ്രശ്നത്തിൽ കടുത്ത ആശയ ഭിന്നതയാണ് പാർട്ടിയിലും സർക്കാറിലുമിപ്പോഴുമുള്ളത്. ധനവകുപ്പ് മാത്രമല്ല മുഖ്യമന്ത്രിയും കൂടിയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനത്തിലൂടെ പ്രതിക്കൂട്ടിലാകുന്നതെന്നതും ശ്രദ്ധേയം.

Top