മുട്ടില്‍ മരംമുറി; ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുന്‍ റവന്യൂ മന്ത്രി

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെക്കണമെന്നും ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ടുള്ള ഫയലുകളുടെ പകര്‍പ്പ് പുറത്തുവന്നു. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം.

എന്നാല്‍ വിവരാവകാശ പ്രകാരം പുറത്ത് വന്ന രേഖയില്‍ മന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയതെന്ന് വ്യക്തമാകുന്നു. 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല. നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരുന്നു. നിയമ വകുപ്പിന്റെയും എ.എ.ജിയുടെയും അഭിപ്രായം തേടി മന്ത്രി ഫയലില്‍ ഉത്തരവിട്ടിരുന്നു.

നിയമ വകുപ്പിന്റെ മറുപടി ലഭിക്കും മുന്‍പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥര്‍ നിയമപ്രശ്‌നം ഉന്നയിച്ചിരുന്നുവെന്നും, എന്നാല്‍ ഈ മുന്നറിയിപ്പ് തള്ളിയാണ് മന്ത്രിയുടെ നിര്‍ദേശമെന്നാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശം അതേപടി പാലിച്ചാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്.

Top