മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വിട്ടയയ്ക്കാന്‍ ഉത്തരവ്

hafise-seead

ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാന്‍ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവ്.

ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയാണു ഹാഫിസ് സയീദ്.

ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച യുഎസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നു സയീദും നാലു കൂട്ടാളികളും വീട്ടുതടങ്കലിലാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ സയീദിനെയും അബ്ദുല്ല ഉബൈദ്, മാലിക് സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ആബിദ്, ഖാസി ഖാഷിഫ് ഹുസൈന്‍ എന്നിവരെയും ജനുവരി 31നാണ് 90 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്.

പബ്ലിക് ഓര്‍ഡര്‍ ഓര്‍ഡിനന്‍സ് പ്രകാരമാണു അവസാനത്തെ രണ്ടു തവണ തടങ്കല്‍ നീട്ടിയത്.

സയീദിനേയും നാലു കൂട്ടാളികളെയും ഭീകരവിരുദ്ധ നിയമപ്രകാരം തടങ്കലിലിടേണ്ട ആവശ്യമില്ലെന്നു പാക്ക് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇതു സംബന്ധിച്ച അപേക്ഷ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് സ്വീകരിച്ചു. മെയിന്റനന്‍സ് ഓഫ് പബ്ലിക് ഓര്‍ഡര്‍ ഓര്‍ഡിനന്‍സ് പ്രകാരം തടങ്കല്‍ ഈ മാസം 24 വരെ നീട്ടിയിട്ടുള്ളതിനാലാണു ഭീകരവിരുദ്ധ നിയമപ്രകാരമുള്ള തടങ്കല്‍ ആവശ്യമില്ലെന്ന നിലപാട് എടുത്തിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള പാക്ക് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സയീദിനെ വിട്ടയയ്ക്കാന്‍ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടത്.

മറ്റു കേസുകളില്‍ കുറ്റക്കാരനല്ലെങ്കില്‍ വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ബോര്‍ഡ് വ്യക്തമാക്കി.Related posts

Back to top