‘സർവ്വകലാശാലകൾ കുഴപ്പത്തിലാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിയല്ല’; ആർ ബിന്ദു

തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്റെ നിയമനം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സര്‍വകലാശാലകളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. റോജി എം ജോണാണ് അനുമതി തേടിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.സര്‍വകലാശാലകള്‍ മുഴുവന്‍ കുഴപ്പത്തിലാണെന്ന രീതിയിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ളതെന്നും, അത് ശരിയല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പ്രതിപക്ഷത്തിന് മൂന്നാം കിട കുശുമ്പാണ്. എപ്പോഴൊക്കെ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ തകര്‍ക്കാന്‍ മുന്നോട്ട് വന്നിട്ടുള്ള മൂന്നാംകിട കുശുമ്പിന്റെ അവതാരങ്ങളാണ് പ്രതിപക്ഷമെന്നും മന്ത്രി ആരോപിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വം ഒളിച്ചു കടത്താന്‍ കേന്ദ്രത്തില്‍ ശ്രമം നടക്കുമ്പോള്‍ കേരളത്തില്‍ അത് ചെയ്യുന്നത് പ്രതിപക്ഷമാണെന്ന് ആര്‍ ബിന്ദു കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വമാണ് ഇത് കാണിക്കുന്നത്. ഗവര്‍ണര്‍ നിയമനം റദ്ദാക്കിയ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ അപവാദ പ്രചരണമാണ്. ചട്ടങ്ങള്‍ പാലിച്ചായിരുന്നു പ്രിയ വര്‍ഗീസിന് മാര്‍ക്കിട്ടതെന്നും, മാനദണ്ഡം ലംഘിച്ചില്ലെന്നാണ് സര്‍വകലാശാലയുടെ വിശദീകരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്കെതിരെയും മന്ത്രി പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് സംഘപരിവാര്‍ നയങ്ങള്‍ കേരളത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമമാണെന്ന് ആര്‍ ബിന്ദു കുറ്റപ്പെടുത്തി. ഇതിന് പിന്തുണക്കാരായി പ്രതിപക്ഷം മാറുന്നു. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം അറിയാവുന്നതു കൊണ്ട് ഇതില്‍ അദ്ഭുതമില്ല. ഹിന്ദുത്വ നയങ്ങളോടുള്ള നിലപാടില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇതില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Top