പാര്‍ലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തില്‍ ഉറച്ച് ഇന്ത്യാ മുന്നണി. പാര്‍ലമെന്റില്‍ രണ്ട് പേര്‍ക്ക് അതിക്രമിച്ച് കയറാന്‍ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാര്‍ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ് പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. പാര്‍ലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് ചരിത്രത്തിലാദ്യമായി 78 എംപിമാരെയാണ് ഇന്നലെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷ വീഴ്ചയില്‍ അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് ലോക്‌സഭയിലും രാജ്യസഭയിലും എംപിമാരെ ഇന്നും കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ സസ്‌പെനഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 92 ആയി.

പാര്‍ലമെന്റ് ചരിത്രത്തിലെ ഞെട്ടിക്കുന്ന നടപടിക്കും ജനാധിപത്യത്തിലെ കറുത്ത ദിനത്തിനുമാണ് ഇന്നലെ സാക്ഷിയായത്. ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുന്നു. പിന്നാലെ രാജ്യസഭയില്‍ 45 പേരെയും സസ്‌പെന്‍ഡ് ചെയ്യുന്നു. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭാ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്ന് എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, ഇടി മുഹമ്മദ് ബഷീര്‍ , ബിനോയ് വിശ്വം , ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തര്‍, സന്തോഷ് കുമാര്‍, എഎ റഹിം എന്നിവരേയും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിനെയും സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷനിലായവര്‍ക്കെതിരായ തുടര്‍ നടപടി എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കും. കഴിഞ്ഞയാഴ്ച ലോക്‌സഭയിലും രാജ്യസഭയിലുമായി 14 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top