തല്ലുമെന്നാണ് പ്രതിപക്ഷം പറയുന്നത്, തല്ലിയാല്‍ സഹിക്കേണ്ടി വരും; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണര്‍ പരിധികളല്ലാം ലംഘിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഭരണ സംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. അക്രമവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍, കോപ്രായങ്ങള്‍ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തല്ലുമെന്നാണ് പ്രതിപക്ഷം പറയുന്നത്. തല്ലിയാല്‍ സഹിക്കേണ്ടി വരും.

അടിയും തടയുമാണ് ഇപ്പോള്‍ നടക്കുന്നത്. എവിടെ വരെയാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറയണമെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയം മറച്ച് വെക്കാനാണ് യൂത്ത് കോണ്‍ഗ്രസ് അക്രമം അഴിച്ച് വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ പൂരം മങ്ങലേല്‍ക്കാതെ നടത്തണമെന്നും ദേവസ്വം മന്ത്രിയടക്കം വിഷയത്തില്‍ ഇടപെടണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top