കുടുംബനാഥമാരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന ആയിരം രൂപ വെറും പിച്ച കാശ്; പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് ഖുശ്ബു

തമിഴ്‌നാട് : തമിഴ്‌നാട് സര്‍ക്കാരിനെ പരിഹസിച്ച് പ്രശ്‌നത്തിലായിരിക്കുകയാണ് കേന്ദ്ര വനിത കമ്മീഷന്‍ അംഗവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. തമിഴ്‌നാട് സര്‍ക്കാര്‍ മാസംതോറും കുടുംബനാഥമാരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന ആയിരം രൂപ വെറും പിച്ച കാശ് ആണെന്നായിരുന്നു ഖുശ്ബുവിന്റെ വിവാദപരാമര്‍ശം. ഇനിയും സ്ത്രീകള്‍ക്ക് വെറും 1000 രൂപ മാത്രമാണ് കൊടുക്കുന്നതെങ്കില്‍ അവര്‍ ഇനി ഡിഎംകെക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്നും ഖുശ്ബു പറഞ്ഞു. 2000 കോടി രൂപയുടെ ലഹരി മരുന്ന് കേസില്‍ തമിഴ്‌നാട് സിനിമ നിര്‍മ്മാതാവ് ജാഫര്‍ സാദിക്കിനെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത ഡിഎംകെ സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ ആയിരുന്നു ഖുശ്ബുവിന്റെ വിവാദ പരാമര്‍ശം.

വിവാദത്തെ തുടര്‍ന്ന് ഡിഎംകെയുടെ വനിതാ നേതാക്കള്‍ ഖുശ്ബുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ മയക്കുമരുന്ന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യമാണ് താന്‍ ഉന്നയിച്ചത് എന്നായിരുന്നു ഖുശ്ബു ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്. താന്‍ പറഞ്ഞത് സ്ത്രീകള്‍ക്ക് വേണ്ടത് അവരുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ആവശ്യമായ ഒരു ജോലി ആണെന്നും അവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കൂ എന്നുമാണ് അല്ലാതെ സര്‍ക്കാര്‍ നല്‍കുന്ന ഈ 1000 രൂപ അല്ല ആവശ്യമെന്നും ഖുശ്ബു പറഞ്ഞു.

എന്നാല്‍ ഖുശ്ബുവിന്റെ പരാമര്‍ശത്തോട് കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട് സാമൂഹ്യക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി ഗീതാ ജീവന്‍. ഖുശ്ബു അപകീര്‍ത്തിപ്പെടുത്തിയത് തമിഴ്‌നാട്ടിലെ 1.16 കോടി സ്ത്രീകളെയാണെന്നും അവര്‍ പറഞ്ഞ ‘പിച്ച കാഷ്’തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ ഉപകാര പ്രദമാണെന്നും മന്ത്രി പറഞ്ഞു.

ഒന്നും അറിയാതെ തോന്നിയത് ഇങ്ങനെ വിളിച്ച് പറയരുത് തമിഴ്‌നാട്ടിലെ സ്ത്രീകളുടെ കഷ്ടപ്പാട് അറിയുന്ന ഒരാളായിരുന്നെങ്കില്‍ ഖുശ്ബു ഇത് പറയില്ലായിരുന്നു. അവരുടെ കഷ്ടപ്പാടിന് ഇടയ്ക്ക് ഈ ആയിരം രൂപ അവര്‍ക്ക് വളരെ സഹായകരമാണ്. ഇതൊന്നും അറിയാതെ തോന്നിയത് മൈക്കില്‍ കൂടെ വിളിച്ചു പറയരുതെന്നും മന്ത്രി ഗീതാ ജീവന്‍ പറഞ്ഞു.

Top