ഔദ്യോഗിക പ്രഖ്യാപനം വന്നു; ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇനി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലില്‍ കളിക്കും

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇനി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലില്‍ കളിക്കും എന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നു. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മനില്‍ നിന്നാണ് നെയ്മര്‍ സൗദി ക്ലബിനൊപ്പം ചേരുന്നത്. രണ്ട് വര്‍ഷത്തേക്കാണ് അല്‍ ഹിലാലില്‍ നെയ്മറിന്റെ കരാര്‍. 100 മില്ല്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് നെയ്മറെ അല്‍ ഹിലാല്‍ പിഎസ്ജിയില്‍ നിന്ന് സ്വന്തമാക്കിയത്.

2017ലാണ് നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ എത്തുന്നത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. ബാഴ്‌സലോണയ്ക്കായി കളിച്ച 186 മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ 181 ഗോളുകള്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ടാണ് പണമെറിഞ്ഞ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.

സീസണിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഒട്ടേറെ വമ്പന്‍ താരങ്ങളെ അല്‍ ഹിലാല്‍ ക്ലബിലെത്തിച്ചിരുന്നു. ഈ വര്‍ഷമാദ്യം പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്‌റില്‍ എത്തിയതാണ് സൗദി ഫുട്‌ബോളില്‍ വിപ്ലവത്തിനു തുടക്കമിട്ടത്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ കരീം ബെന്‍സെമ, സൈദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാദ് മെഹ്‌റസ് ഫബിഞ്ഞോ, ഹെന്‍ഡേഴ്‌സണ്‍ തുടങ്ങിയ താരങ്ങളും സൗദി ലീഗിലെത്തി. യൂറോപ്യന്‍ ക്ലബുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത, കനത്ത ശമ്പളമെറിഞ്ഞാണ് സൗദി ക്ലബുകള്‍ താരങ്ങളെ ആകര്‍ഷിക്കുന്നത്.

Top