തിരുവനന്തപുരം: നഗരസഭാ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ യുവാവിന് വ്യവസായ സംരഭം ഉപേക്ഷിക്കേണ്ടി വന്ന വിഷയത്തില്‍ നടപടിയുമായി സര്‍ക്കാര്‍. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നഗരകാര്യ ഡയറക്ടറോട് നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. സംരഭകന് ലൈസന്‍സ് അനുവദിക്കാത്തവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യു ഇന്‍സ്‌പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചത്. തന്റെ സമ്പാദ്യം ഉപയോഗിച്ച് ഒരു ബേക്കറി യൂണിറ്റ് തുടങ്ങാന്‍ തയ്യാറെടുത്ത ജെന്‍സണാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ പദ്ധതി ഉപേക്ഷിച്ചത്. അപേക്ഷ നല്‍കിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണ വിധേയരായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സംരംഭത്തിന് ലൈസന്‍സ് നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതിമുക്ത വികസിത കേരളമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.








