തൃശൂരിലും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മെയ് 8ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 17 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്. തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15ലും താഴെയെത്തി. ആലപ്പുഴ, കണ്ണൂര്‍. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയായിരിക്കുന്നു.

ജൂണ്‍ 11,12,13 ദിവസങ്ങളിലെ ശരാശരി ടിപിആര്‍ അതിനു മുന്‍പുള്ള മൂന്നു ദിവസങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 8.26 ശതമാനം കുറഞ്ഞതായി കാണം. സമാന ദിവസങ്ങളിലെ ആക്റ്റീവ് കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ 7.45 ശതമാനം കുറഞ്ഞിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണത്തില്‍ 14.17 ശതമാനം കുറവാണുണ്ടായിരിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്.

നിലവിലെ തരംഗം പരിശോധിക്കുമ്പോള്‍ അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 5 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ 1 ശതമാനം വര്‍ദ്ധനവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റു ജില്ലകളിലെല്ലാം കേസുകളുടെ എണ്ണം കുറയുമെന്ന് കരുതപ്പെടുന്നു. സംസ്ഥാനത്ത് മൊത്തതില്‍ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തില്‍ അടുത്ത ആഴ്ച 16 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 20ന് 1.2 ലക്ഷവും ജൂണ്‍ 27 ആകുമ്പോഴെക്കും 95000വും ആയി ആക്റ്റീവ് കേസുകളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

Top