തലസ്ഥാനത്ത് നടന്ന നാമജപ യാത്രക്കെതിരായ കേസില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിനെതിരെ തലസ്ഥാനത്ത് നടന്ന നാമജപ യാത്രക്കെതിരായ കേസില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എന്‍എസ്എസ്. വിഷയത്തില്‍ നേതൃത്വം നിയമോപദേശം തേടി. പൊലീസ് നടപടി പ്രകോപനപരമെന്നാണ് വിലയിരുത്തല്‍. പരസ്യപ്രതിഷേധത്തിനും ആലോചനയുണ്ട്. അന്തിമതീരുമാനം ഇന്നുണ്ടാകും. തിരുവനന്തപുരം നഗരത്തില്‍ നടത്തിയ നാമജപ യാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.

നാമജപ യാത്രയ്‌ക്കെതിരെ കഴിഞ്ഞദിവസമാണ് പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്റ്, ഫോര്‍ട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

 

 

 

Top