നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കാനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ

Banks India

ന്യൂഡല്‍ഹി: എസ്സാര്‍ സ്റ്റീല്‍, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, അലോക് ഇന്‍ഡസ്ട്രീസ് എന്നിവയുടേതടക്കം മൊത്തം 38 കമ്പനികളുടെ നിഷ്‌ക്രിയാസ്തികള്‍ ബാങ്ക് ഓഫ് ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ചു. മൊത്തം 8,831 കോടി രൂപ മൂല്യമാണ് ഈ നിഷ്‌ക്രിയാസ്തികള്‍ക്ക് കണക്കാക്കിയിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഏറ്റവും വലിയ നിഷ്‌ക്രിയാസ്തി അക്കൗണ്ടുകളുടെ ആദ്യത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള എസ്സാര്‍ സ്റ്റീല്‍, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, അലോക് ഇന്‍ഡസ്ട്രീസ് എന്നിവയുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച് നിരവധി കോടതി വ്യവഹാരങ്ങള്‍ ഉണ്ടായെങ്കിലും ഒരു വര്‍ഷത്തോളമായി പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.

കെയ്മാന്‍ ഐലന്‍ഡ്‌സ് സബ്‌സിഡയറിക്ക് വിദേശ കറന്‍സി വായ്പയായി നല്‍കിയതടക്കം എസ്സാര്‍ സ്റ്റീലിന് 1,492 കോടി രൂപയുടെ ബാധ്യതയാണ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ളത്. ബാങ്കിന്റെ ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, ടോക്കിയോ ശാഖകള്‍ വഴി വിദേശ കറന്‍സി വായ്പകളടക്കം 2,441 കോടി രൂപയുടെ ബാധ്യതയാണ് ഭൂഷന്‍ പവറിനുള്ളത്.

അലോക് ഇന്‍ഡസ്ട്രീസ് കൊടുക്കാനുള്ളത് 621 കോടി രൂപയാണ്. കഴിഞ്ഞ വാരങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, ബാങ്ക് ഓഫ് ബറോഡയും എസ്സാര്‍ സ്റ്റീലിന്റെ നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കുന്നതിനായി രംഗത്തെത്തിയിരുന്നു.

Top