കൈവെട്ടു കേസ്: എന്‍.ഐ.എ സംഘം കാസര്‍കോട്ട്, സവാദിന്റെ ഭാര്യയെ ചോദ്യംചെയ്യും

കാസര്‍കോട്: പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍.ഐ.എ സംഘം കാസര്‍കോടെത്തി. കൊച്ചി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരത്ത് എത്തിയത്.

സവാദിന്റെ ഭാര്യവീടാണ് എന്‍.ഐ.എയുടെ ലക്ഷ്യമെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി സവാദിന്റെ ഭാര്യയെ ചോദ്യംചെയ്യും. നിരോധിത സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. സ്പെഷ്യല്‍ ബ്രാഞ്ചിനെയോ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയോ അറിയിക്കാതെ രഹസ്യമായാണ് എന്‍.ഐ.എ സംഘം ഇവിടേക്കെത്തിയത്. കാസര്‍കോടെത്തിയശേഷമാണ് വിവരം പോലീസിനെ അറിയിച്ചത്.

പ്രതിയായ സവാദ് കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് മൂന്നിടങ്ങളിലായിരുന്നു. വളപട്ടണം മന്നയില്‍ അഞ്ചുവര്‍ഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവര്‍ഷവും മട്ടന്നൂര്‍ ബേരത്ത് ഒന്‍പതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്. വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവര്‍ഷത്തിനുശേഷം മരപ്പണി പഠിക്കാന്‍ പോയി.

തുടര്‍ന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂര്‍ ബേരത്തേക്ക് താമസം മാറി. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എന്‍.ഐ.എ സംഘത്തിന്റെ പിടിയിലായത്. ഒന്നാംപ്രതിയായ സവാദിനെ പ്രൊഫ. ടി.ജെ. ജോസഫ് തിരിച്ചറിയേണ്ടതും കേസില്‍ പ്രധാനമാണ്. തിരിച്ചറിയല്‍ പരേഡ് എത്രയും വേഗം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Top