കാശ്മീരില്‍ നിന്നും 36.5 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തെന്ന് എന്‍ഐഎ

notes were seized

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനിടെ കാശ്മീരില്‍ നിന്നും 36.5 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ).

സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എന്‍.ഐ.എ വെളിപ്പെടുത്തിയിട്ടില്ല.

36,34,78,500 രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തുവെന്നാണ് എന്‍.ഐ. പറയുന്നത്. എന്നാല്‍ ഇത് ആരില്‍ നിന്നാണ് പിടിച്ചെടുത്തത്, ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ എന്‍.ഐ.എ വെളിപ്പെടുത്തിയിട്ടില്ല.

അടുത്തിടെ കാശ്മീരിലെ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തതിന് വിഘടനവാദി നേതാക്കളെയും ചില വ്യവസായികളെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോയെന്ന കാര്യവും എന്‍.ഐ.എ വെളിപ്പെടുത്തിയിട്ടില്ല.

നോട്ടുനിരോധനം വേണ്ടത്ര ഫലം കണ്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് എന്‍.ഐ.എയുടെ പുതിയ കണക്കുകള്‍ പുറത്തുവന്നത്. കള്ളപ്പണവും തീവ്രവാദവും തടയുന്നതിന് വേണ്ടിയാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെങ്കിലും ഇവയിലൊന്നും നടപ്പിലായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

നോട്ടുനിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിനെ കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തപ്പോള്‍, ഈ ദിവസം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Top