സ്വര്‍ണക്കടത്ത്; ദുബായില്‍ നിന്നും 21 തവണ നയതന്ത്ര ബാഗുകള്‍ കേരളത്തിലെത്തിയെന്ന് എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎ. ദുബായില്‍ നിന്നും 21 തവണ സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗുകള്‍ കേരളത്തിലേക്ക് അയച്ചുവെന്നും എല്ലാ കണ്‍സൈന്‍മെന്റുകളും അയച്ചത് ദുബായ് വിമാനത്താവളത്തില്‍ നിന്നുമാണെന്നും എന്‍ഐഎ കണ്ടെത്തി. നയതന്ത്ര ബാഗുകള്‍ അയച്ചവരെ എന്‍ഐഎ തിരിച്ചറിഞ്ഞു.

21 തവണയായി 166 കിലോ സ്വര്‍ണമാണ് കടത്തിയത്. ആദ്യ നാല് കണ്‍സൈന്‍മെന്റുകള്‍ അയച്ചത് പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതല്‍ 18 വരെയുള്ള കണ്‍സൈന്‍മെന്റുകള്‍ അയച്ചത് യുഎഇ പൗരന്‍ ദാവൂദിന്റെ പേരിലാണ്. 19-ാമത്തെ കണ്‍സൈന്‍മെന്റ് വന്നത് ദുബായ് സ്വദേശി ഹാഷിമിന്റെ പേരിലാണ്. 20, 21 കണ്‍സൈന്‍മെന്റുകള്‍ അയച്ചത് ഫൈസല്‍ ഫരീദിന്റെ പേരിലാണ്. ഇതില്‍ 21-ാമത്തെ കണ്‍സൈന്‍മെന്റാണ് കസ്റ്റംസ് പിടികൂടിയത്.

എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള കെ.ടി. റമീസില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഫൈസല്‍ ഫരീദ്, റബിന്‍സ്, കുഞ്ഞാലി എന്നിവരാണ് സ്വര്‍ണക്കടത്തിന് പിന്നിലെ ആസൂത്രകരെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.

Top