സെക്രട്ടേറിയറ്റിലെ എന്‍ഐഎ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. സെക്രട്ടേറിയേറ്റിലെ സിസിടിവികളും സെര്‍വര്‍ മുറിയും പരിശോധിച്ചു. അന്വേഷണത്തിന് ആവശ്യമായി ദൃശ്യങ്ങള്‍ ഏതൊക്കെ വേണമെന്ന് പിന്നീട് രേഖാമൂലം അറിയിക്കും.

രാവിലെ പത്ത് മണിയോടെയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെത്തിയത്. ഐടി സെക്രട്ടറിയുടെ സാന്നിധ്യത്തിലുള്ള പരിശോധന വൈകീട്ട് മൂന്നു മണി വരെ നീണ്ടു. സെര്‍വര്‍ റൂമിലുള്ള സിസിടിവികളുടെ ദൃശ്യങ്ങള്‍ സുരക്ഷിതമാണോ എന്നാണ് ആദ്യം പരിശോധിച്ചത്. പിന്നീട് സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചുള്ള ക്യാമറകളും പരിശോധിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട ഏതൊക്കെ ദൃശ്യങ്ങള്‍ വേണമെന്ന കാര്യം പിന്നീട് അറിയാക്കാമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പൊതുഭരണവകുപ്പിനെ അറിയിച്ചു. ദൃശ്യങ്ങളില്‍ എന്‍ഐഎ വീണ്ടും പരിശോധന നടത്തുമെന്ന് വ്യക്തമാണ്. സ്വപ്ന സുരേഷ് അടക്കം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടറിയേറ്റില്‍ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളില്‍ പോയിട്ടുണ്ടെന്നും അറിയാനാണ് എന്‍ഐഎ പരിശോധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഈ വര്‍ഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

Top