‘ഇന്ത്യ’ മുംബൈയിലേക്ക്; അടുത്ത യോഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ മുംബൈയില്‍ ചേരും

ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ അടുത്ത യോഗം അടുത്ത മാസം മുംബൈയില്‍ ചേരും. സഖ്യത്തിന്റെ മൂന്നാമത് യോഗമാണ് മുംബൈയില്‍ നടക്കുക. സഖ്യയോഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ ചേരാനാണ് തീരുമാനമായിട്ടുള്ളത്. ഈ മാസം 17, 18 തീയതികളില്‍ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ യോഗം ബംഗളൂരുവില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കാന്‍ തീരുമാനമായത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം.

മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യത്തിന്റെ മുന്നോട്ട് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാകും. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിലും മുംബൈയില്‍ തീരുമാനമാകും. അതേസമയം, പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സഖ്യത്തിലെ എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും.

അതിനിടെ, ‘ഇന്ത്യ’ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നതെന്നാണ് മോദി വിമര്‍ശിച്ചത്. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി തിരിച്ചടിക്കുകയും ചെയ്തിരുന്നു. തന്റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു.

Top