കോംപാക്ട് സെഡാന്‍ അമേസിന്റെ പുതിയ പതിപ്പ് ഉടനെ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും 5,000 രൂപയ്ക്കാണ് ചില ഹോണ്ട ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍.

എന്നാല്‍, ഹോണ്ട കാര്‍സ് ഇന്ത്യ പുത്തന്‍ അമേസിന്റെ ലോഞ്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം തലമുറ ബ്രിയോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അമേസിന്റെ പുതിയ പതിപ്പ് ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റീഡിസൈന്‍ ചെയ്ത ഗ്രില്ലും ബമ്പറും, പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള ചില മാറ്റങ്ങള്‍ വാഹനത്തിലുണ്ടാകും.

അമേസ് ഫേസ്‌ലിഫ്റ്റില്‍ ഹോണ്ട പുത്തന്‍ നിറങ്ങളും ഉള്‍പ്പെടുത്തും. റീഡിസൈന്‍ ചെയ്ത ഡാഷ്‌ബോര്‍ഡ്, പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പരിഷ്!കരിച്ച അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ഇന്റീരിയറില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍. പുത്തന്‍ അമേസിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ സിറ്റി സെഡാനില്‍ ഹോണ്ട അവതരിപ്പിച്ച ചില ഫീച്ചറുകളും ഉണ്ടായേക്കും.

Top