കെ എസ് ചിത്രയുടെ ശബ്‍ദത്തില്‍ വിജയ് ചിത്രം ‘വരിസി’ലെ പുതിയ ഗാനം പുറത്ത്

വിജയ് നായകനാകുന്ന ‘വരിസി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കെ എസ് ചിത്രയുടെ മനോഹരമായ ആലാപനത്തില്‍ ‘സോള്‍ ഓഫ് വരിസ്’ എന്ന പേരില്‍ ആണ് പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെ ആലപിച്ച ഗാനവും ചിമ്പു ആലപിച്ച ഗാനവും അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു.

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വരിസി’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. രശ്‍മിക മന്ദാനയാണ് വരിസിൽ നായികയായി എത്തുന്നത്. ഫാമിലി എന്റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

Top