ദ്വീപിലെ പുതിയ നിയമങ്ങള്‍ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ വിവാദ നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദ്വീപിലെ പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടണമെന്നും വിയോജിപ്പിക്കളെ അടിച്ചമര്‍ത്താനും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘ഇക്കാര്യത്തില്‍ ഇടപെടാനും മുകളില്‍ പറഞ്ഞ ഉത്തരവുകള്‍ പിന്‍വലിച്ചുവെന്ന് ഉറപ്പാക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങള്‍ അവരുടെ ജീവിതരീതിയെ മാനിക്കുകയും അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു വികസന കാഴ്ചപ്പാടിന് അര്‍ഹരാണ്’. കത്തില്‍ കുറിച്ചു.

ദ്വീപിന്റെ പ്രകൃതിദത്തമായ സൗന്ദര്യവും സംസ്‌കാരങ്ങളുടെ അതുല്യമായ സംഗമവും തലമുറകളായി ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്. ആ പൈതൃകത്തിന്റെ സൂക്ഷിപ്പുകാര്‍ വരും തലമുറയ്ക്കായി ദ്വീപ് സമൂഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു.

ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച ജനവിരുദ്ധ നയങ്ങള്‍ അവരുടെ ഭാവിക്ക് ഭീഷണിയാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ കൃത്യമായി ആലോചിക്കാതെ അഡ്മിനിസ്ട്രേറ്റര്‍ ഏകപക്ഷീയമായി വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങള്‍ പ്രതിഷേധിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ പാരിസ്ഥിതിക പവിത്രതയെ ദുര്‍ബലപ്പെടുത്താനുള്ള പട്ടേലിന്റെ ശ്രമം അടുത്തിടെ കൊണ്ടുവന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷനില്‍ വ്യക്തമാണെന്നെന്നും രാഹുല്‍ പറഞ്ഞു.ഹ്രസ്വകാല വാണിജ്യ നേട്ടങ്ങള്‍ക്കായി സുരക്ഷയും സുസ്ഥിര വികസനവും ബലികഴിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത് റെഗുലേഷന്റെ കരട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Top