പുതിയ കാലത്തെ ‘പുതിയ’ പെണ്ണ് . . . രോക്ഷം തല്ലി തീർക്കുന്ന കാലം !

പെൺ ആയാൽ എന്താ…? പ്രതികരണ ശേഷിയുള്ള പെൺകുട്ടികളോട് പലപ്പോഴും സമൂഹം ഓർമിപ്പിക്കുന്ന ഒരു കാര്യമാണ് . നീ പെണ്ണാണ് , അങ്ങനെ പറയരുത് , ചെയ്യരുത് എന്നുള്ളത്. ഓർമ്മവെച്ചു തുടങ്ങുന്ന കാലംതൊട്ട് ആണിന്റെ അതിക്രമങ്ങളെ സഹിക്കേണ്ട സർവം സഹയായിരിക്കണം സ്ത്രീകളെന്നും അപമാനിക്കപെട്ടാൽ കരഞ്ഞു മാത്രം പ്രതികരിക്കേണ്ടവളാണെന്നും സമൂഹം ആവർത്തിച്ചു പറയാറുണ്ട് . എന്നാൽ ഇപ്പോൾ കാലം മാറി വരികെയാണ് . തങ്ങൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ചുറുചുറുക്കോടെ കൈകാര്യം ചെയുകയും പ്രതികരിക്കുകയും ചെയുന്ന പെൺകുട്ടികളുടെ കാലമാണിത് . കഴിഞ്ഞ ദിവസം തന്നെ ബസിൽ ശല്യം ചെയ്തയാളെ അടിച്ചോടിച്ചു മടക്കിയ സന്ധ്യയാണ് ഇപ്പോഴത്തെ താരം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ് .

ബസില്‍ ഒപ്പം സീറ്റിലിരുന്നയാളുടെ ശല്യം അതിരുവിട്ടതിനെ തുടര്‍ന്നാണ് സന്ധ്യ പ്രതികരിച്ചത്‌. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യയെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന് ഇയാൾ ശല്യം ചെയ്യുകയായിരുന്നു . മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല.
‘ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുതെന്നും നമ്മള്‍ മിണ്ടുന്നില്ലെന്നു വിചാരിച്ചാണോ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും’ ചോദിച്ചാണ് സന്ധ്യ മദ്യപാനിയെ നേരിട്ടത്. ‘കൊന്നിട്ടു ജയിലിൽ പോയാലും വേണ്ടില്ല നായേ’ എന്നും പറയുന്നത് വിഡിയോയിലുണ്ട്.

 

കാമ ഭ്രാന്ത് എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടെങ്കിലും അതിന്റെ ഭയാനകമായ വേർഷൻസ് കൈകാര്യം ചെയുന്നവർ യാത്ര ചെയ്യുന്നൊരിടമാണ് ബസുകൾ . ഇവിടെ ഇവർ കാണിച്ചുകൂട്ടുന്ന കൊള്ളരുതായിമക്ക് കൈയും കണക്കും ഇല്ല. ചില മഹാന്മാരുടെ വൃത്തികെട്ട കരവിരുതുകളുടെ വിള നിലമാണ് ബസുകൾ , പ്രത്യേകിച്ചും പ്രൈവറ്റ് ബസുകൾ. ഈ പ്രത്യേക രോഗം പ്രധാനമയി കാണപ്പെടുന്നത് ഏകദേശം ഒരു 45 മുതൽ അങ്ങ് കുഴിയിലേക് കാലു നീട്ടി ഇരിക്കുന്ന അമ്മാവന്മാരില്ലേക്ക് വരെയാണ്. തിരക്കുള്ള ബസിൽ കേറിയാൽ പെണ്കുട്ടികളെ മുട്ടിയുരുമ്മി അവരെ ശല്യം ചെയുന്ന മനോരോഗികളെ കാണാനാവും . അവരുടെ അസ്വാസ്ഥ്യങ്ങൾ തീർക്കാനായി പെൺകുട്ടികളോട് കാണിക്കുന്ന ചെയ്തികൾ കണ്ടാൽ തന്നെ അറക്കും .

കുറച്ചു നാൾ മുൻപ് കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ ആരതി സന്ധ്യയെ പോലെ മറ്റൊരു പ്രതികരണ ശേഷിയുള്ള താരമായി ചർച്ച ചെയ്യപ്പെട്ടിരുന്നു . കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള ബസ് യാത്രയിൽ തന്നെ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിച്ച പോലീസിൽ ഏൽപ്പിച്ചിരുന്നു ആരതി. ചോദ്യംചെയ്തപ്പോൾ കക്ഷിക്ക് വയസ് 52 .സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ഈ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്.

ഇത്തരം ഞരമ്പ് രോഗികളായ അമ്മാവന്മാർ നമ്മുടെ നാട്ടിൽ ഏറിവരികെയാണ് . ബസിൽ അന്യ സംസ്ഥാന തൊഴിലാളികളെ കാണുമ്പോൾ അവരൊക്കെ അപമര്യാദയായി പെരുമാറും എന്ന് കരുതി മിക്ക പെൺകുട്ടികളും മാറി നിൽക്കാറുണ്ട് . പക്ഷെ അനുഭവങ്ങൾ എടുത്തു നോക്കിയാൽ ഇത്തരത്തിലുള്ള മോശം പ്രവർത്തികൾ കുടുതലും കാണിക്കുന്നത് കുറെ മലയാളി അമ്മാവന്മാർ തന്നെയാണ്. മക്കളുടെയും കൊച്ചുമക്കളുടെയും മാത്രം പ്രായം ഉള്ള പെൺകുട്ടികളോട് പരിസരം മറന്ന് ആർത്തികാണിക്കാൻ നിങ്ങൾ കാണിക്കുന്ന ധൈര്യം അപാരം തന്നെയാണ് .

സെക്ഷുൽ ഫ്രസ്‌ട്രേഷൻ ഉണ്ടെങ്കിൽ അത് നിങ്ങൾ തീർക്കേണ്ടത് ബസിലോ മറ്റിടങ്ങളിലോ കാണുന്ന സ്ത്രീകളോട് അല്ല . ചികിൽസിച്ചു മാറ്റാൻ ആവാത്ത ഈ രോഗത്തെ നിങ്ങൾ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ ആരതിയെയും സന്ധ്യയെയ്യും പോലെയുള്ള പെൺകുട്ടികളിൽ നിന്നോ നാട്ടുകാരിൽ നിന്നോ നിങ്ങൾ അടി കൊണ്ട് ചാവുകയേ ഉള്ളു എന്ന് വ്യക്തം . പ്രായം കൂടുംതോറും ഈ കൂട്ടർക്കുണ്ടാകുന്ന ഇത്തരം രോഗങ്ങൾ നമ്മുടെ സാമൂഹിക അന്തരീക്ഷത്തെത്തന്നെ മലിനമാക്കുന്നു. ഇത്തരക്കാരുടെ ചെയ്തികൾ നിശബ്ദരായി സഹിക്കുകയല്ല വേണ്ടത്. മൗനം മറ്റൊരർത്ഥത്തിൽ ഈ സാമൂഹിക വിരുദ്ധർക് വളമായി തീരുന്നു .

മി റ്റൂ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ എന്ത്കൊണ്ട് ഇവൾ നേരത്തെ പ്രീതികരിച്ചില്ല എന്ന് ചോദിച്ച് ഇരയെ കുറ്റപ്പെടുത്തുന്ന സമൂഹം അറിയേണ്ട ഒരു വസ്തുതയുണ്ട്. അവൾ വേണ്ട സമയത്ത് പ്രീതികരിച്ചില്ലെങ്കിൽ അതിൽ ഒരു പങ്ക് ഈ സമൂഹത്തിനുകൂടിയാണ് .
പെൺകുട്ടികളെ ഒരുപാട് അരുതുകൾ പറഞ്ഞ് വളർത്തുന്ന സമൂഹം അവരോട് പെട്ടെന്ന് പ്രതികരിക്കണമെന്നാവശ്യപ്പെടുന്നത് എന്ത് വിരോധാഭാസമാണ്. പ്രതികരിക്കുന്നവരെ അടക്കവും ഒതുക്കവും ഇല്ലാത്തവളെന്നും അഹങ്കാരിയുമെന്നുമാണ് സമൂഹം മുദ്ര കുത്തുന്നത് . പ്രതികരണ ശേഷിയുള്ള മനുഷ്യരെ തന്നെ ഈ ലോകത്തിന് വേണ്ട എന്ന് മൂലധന ശക്തികൾ ആവർത്തിക്കുന്ന കാലത്ത് പ്രതികരണ ശേഷിയുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കൽ ഒരു രാഷ്ട്രീയ പ്രക്രിയ കൂടിയാണ്.

സ്ത്രീകളെയും ചുഷണമനുഭവിക്കുന്ന മനുഷ്യരെയും പ്രതികരണശേഷി ഉള്ളവരാക്കി മാറ്റി എടുക്കുന്നത് ശരിക്കും ഒരു പൊളിറ്റിക്കൽ പ്രോസസാണ്. നിലവിൽ പ്രതികരണ ശേഷി ഉള്ളവരുടെ പ്രിവില്ലേജുകൾക്ക് നടുവിൽ നിന്നും പല വിധ കാരണങ്ങളാൽ അതില്ലാതെ പോയ മനുഷ്യരെ പരിഹസിക്കരുത്, കുറ്റപ്പെടുത്തരുത്. മാത്രവുമല്ല അതവരുടെ വ്യക്തിപരമായ പരിമിതിയായി ചുരുക്കി കാണരുത്. അതൊരു സാമുഹ്യ പ്രശ്നമാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തിരുത്താനും മുന്നോട്ടു പോകുവാനുമുള്ള നിരന്തര ഇടപെട്ലുകളാണ് ഈ കാലം ആവശ്യപ്പെടുന്നത്. അതുപോലെ തന്നെ പ്രതികരിക്കുന്നവരെ ചേർത്തുനിർത്താനും പ്രോത്സാഹിപ്പിക്കാനും കൂടി സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട് . മറിച്ചായാൽ സ്ത്രീകളുടെ മുന്നോട്ടുള്ള യാത്രകളെ അത് ദുർബലപ്പെടുത്തും. പ്രതികരണം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. മിണ്ടാതിരിക്കുകയല്ല പ്രതികരിച്ചുകൊണ്ടേയിരിക്കുകയാണ് നാം ചെയേണ്ടത് . അതാണ് പുതിയകാലവും സ്ത്രീകളോട് ആവശ്യപ്പെടുന്നത്.

EXPRESS KERALA VIEW

Top