പാലാരിവട്ടം പാലത്തിന്റെ പുതിയ ഗാര്‍ഡറുകള്‍ അടുത്ത ആഴ്ച മുതല്‍ സ്ഥാപിക്കും

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുതിയ ഗര്‍ഡറുകള്‍ അടുത്ത ആഴ്ച മുതല്‍ സ്ഥാപിച്ചു തുടങ്ങും. ആദ്യഘട്ടത്തില്‍ നാല് സ്പാനുകള്‍ക്ക് ആവശ്യമായ ഗര്‍ഡറുകളാണ് സ്ഥാപിക്കുക. നിലവിലുള്ള കണ്‍വെന്‍ഷനല്‍ ഗര്‍ഡറുകള്‍ക്കു പകരം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡുകളായിരിക്കും ഇനി സ്ഥാപിക്കുക.

എട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പാലം ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണു പണിയുന്നത്. രണ്ടു മാസം കൊണ്ട് പുര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന സ്പാനുകള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ദിവസങ്ങള്‍ മുമ്പേ അവസാനിച്ചിരുന്നു. ആകെയുള്ള 19 സ്പാനുകളില്‍ 17 എണ്ണമാണു നീക്കിയത്.

പാലത്തിന്റെ മധ്യഭാഗത്തെ രണ്ടു സ്പാനുകള്‍ മാറ്റാതെ ഇവ ഉയര്‍ത്തിയാണു നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇതിനായുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. തൂണുകള്‍ ബലപ്പെടുത്തുന്ന കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് ജോലികളും പിയര്‍ ക്യാപ് നിര്‍മാണവും പുരോഗമിക്കുകയാണ്.

ഇതിനോടകം ഒന്‍പത് തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് നടത്തി ബലപ്പെടുത്തിയപ്പോള്‍ നാല് പിയര്‍ ക്യാപുകള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

Top