കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരായ ജാതി വിവേചന പരാതി പുതിയ സമിതി അന്വേഷിക്കും

കോട്ടയം: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരായ ജാതി വിവേചന പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അന്വേഷണ സമിതിയെ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി എൻ.കെ.ജയകുമാർ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിഷൻ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥ കമ്മീഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കമ്മിഷൻ നിയമനം.

വിദ്യാര്‍ഥികളുടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മിഷനെ നിയമിച്ചെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. സമരം നീണ്ടതോടെ പഠനം ഉപേക്ഷിച്ച് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ഒരു വിഭാഗം കുട്ടികള്‍.

സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതീയമായ വേര്‍തിരിവ് കാട്ടി എന്ന പരാതി ഉന്നയിക്കുന്നത് വിദ്യാര്‍ഥികള്‍ മാത്രമല്ല. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഇതേ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി. വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിനു മാത്രം ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല.

വിദ്യാര്‍ഥികളുടെ പരാതി അന്വേഷിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി രണ്ടാഴ്ച മുമ്പ് സമിതിയെ വച്ചെങ്കിലും ഇവരുടെ അന്വേഷണം തുടങ്ങിയത് ഒരാഴ്ച മുൻപ് മാത്രം. ആഷിക് അബു ഉള്‍പ്പെടെ സിപിഎം സഹയാത്രികരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെ ചലച്ചിത്രോല്‍സവ വേദിയില്‍ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ വിഷയത്തിൽ ഗൗരവമായി ഇടപെട്ടിരുന്നില്ല.

സ്ഥാപനത്തിന്‍റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്റെ വിശ്വസ്തനാണ് ആരോപണവിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. സര്‍ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിധേയന്‍ എന്ന അടൂര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പോലും പ്രതിഷേധത്തിന് വിദ്യാര്‍ഥികള്‍ ആയുധമാക്കിയിരുന്നു.

Top