മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍വിവാദം എന്‍സിപി അന്വേഷിക്കും

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍വിവാദം എന്‍സിപി അന്വേഷിക്കും. ഇതിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനെ ചുമതലപ്പെടുത്തിയെന്ന് എന്‍സിപി നേതൃത്വം അറിയിച്ചു. മാത്യൂസ് ജോര്‍ജ് നാളെ കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും.

ശശീന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല എന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം. വിഷയത്തില്‍ നിയമനടപടി തുടരട്ടേയെന്നും നേതൃത്വം പ്രതികരിച്ചു. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂര്‍വ്വമായി ഫോണ്‍ ടാപ്പ് ചെയ്തതാണെന്നും എന്‍സിപി നേതാക്കള്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് എ കെ ശശീന്ദ്രന്റെ വിശദീകരണം. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല.

വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നുമായിരുന്നു പ്രതികരണം. വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്.

Top