എൻസിപി എൽഡിഎഫ് വിടാൻ തീരുമാനിച്ചാലും ശശീന്ദ്രൻ തുടരും

തിരുവനന്തപുരം: എൻസിപി എൽഡിഎഫ് വിടാൻ തീരുമാനിച്ചാലും എ കെ ശശീന്ദ്രൻ ഇടതുമുന്നണിയിൽത്തന്നെ തുടരും. മുന്നണിയിൽ ഉറച്ചുനിൽക്കാൻ കേരളാ കോൺഗ്രസിലേക്ക് ചേക്കേറുകയെന്ന പുതുവഴി തേടുകയാണ് എ കെ ശശീന്ദ്രൻ. രാമചന്ദ്രൻ കടന്നപ്പള്ളി വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു സാധ്യതയുമില്ല. അതിനാൽ കേരളാ കോൺഗ്രസ് എസ്സിൽ ചേർന്ന് എലത്തൂരിൽത്തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കാനാണ് എ കെ ശശീന്ദ്രൻ ആലോചിക്കുന്നത്.

ഭാവി പരിപാടി ആലോചിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുകയാണ് ഈ ദിവസങ്ങളിൽ. എൻസിപി ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് ഉൾപ്പെടെ ഒരു വിഭാഗത്തിന് എൽഡിഎഫിനൊപ്പം നിൽക്കാനാണ് താത്പര്യം. അതേസമയം ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സുൽഫിക്കർ മയൂരി ഉൾപ്പെടെ ചിലർ യുഡിഎഫിനൊപ്പം നിൽക്കാനുള്ള മാണി സി കാപ്പൻ വിഭാഗത്തിന്‍റെ നിലപാടിനൊപ്പമാണ്.

Top