കുഴല്‍പ്പണ വിവാദം; സുരേന്ദ്രനെ നേരിട്ട് വിളിപ്പിച്ച് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണ വിവാദത്തില്‍ ദേശീയ നേതൃത്വം സുരേന്ദ്രനെ നേരിട്ട് വിളിപ്പിച്ചതിനാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകും. തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കളെ സുരേന്ദ്രന്‍ ഇന്ന് സന്ദര്‍ശിക്കും.

കൊടകര കുഴല്‍പ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന. കേരളത്തിലെ ഈ വിവാദ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. കേരളത്തിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ന്ന കുഴല്‍പ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി നേതാക്കളെ നേരിട്ട് കാണാനിരിക്കുന്നത്. നടപടികള്‍ക്ക് മുന്നേതന്നെ നേതൃത്വത്തിന് മുന്നില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് സുരേന്ദ്രന്റെ ലക്ഷ്യം.

Top