കേന്ദ്രസർക്കാറിന് കർശന നിർദ്ദേശം നൽകി ആർ.എസ്.എസ് ദേശീയ നേതൃത്വം

ലപ്പുഴയില്‍ ബി.ജെ.പി സംസ്ഥാന നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വവും ശക്തമായ പ്രതിഷേധത്തില്‍. രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകം ഉള്‍പ്പെടെ സമീപകാലത്ത് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ആര്‍.എസ്.എസ് നേതൃത്വം ഇതിനകം തന്നെ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പാലക്കാട്ടെ കൊലപാതകവും ഉള്‍പ്പെടുന്നുണ്ട്. പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയെയും ഗൗരവപരമായാണ് ആര്‍.എസ്.എസ് നോക്കി കാണുന്നത്. പ്രതികളെ പിടികൂടാത്ത കേസുകളിലെ നിലവിലെ അവസ്ഥയും പ്രത്യേകമായി തന്നെ ആര്‍.എസ്.എസ് നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിനുള്ള സാധ്യതകളാണ് ആര്‍.എസ്.എസ് നേതൃത്വം നിലവില്‍ പരിശോധിക്കുന്നത്. ഇതിനായി നിയമപരമായ പോരാട്ടം ഉള്‍പ്പെടെ നടത്താനാണ് തീരുമാനം.

തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചാല്‍ കൊലപാതക കേസുകളില്‍ എന്‍.ഐ.എക്ക് നേരിട്ട് ഇടപെടാന്‍ കഴിയും. ഈ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഇതിനകം തന്നെ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഉള്ളത്. എന്‍.ഐ.എ അന്വേഷണത്തിന് സാധ്യത ഇല്ലെങ്കില്‍ പിന്നെയുള്ളത് സി.ബി.ഐ അന്വേഷണമാണ്. അതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുകയാണ് ആര്‍.എസ്.എസിന്റെ മുന്നിലുള്ള ഏക വഴി. സംസ്ഥാന പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന കേസുകളില്‍ പെട്ടന്നുള്ള സി.ബി.ഐ അന്വേഷണത്തിന് എന്തായാലും പരിമിതിയുണ്ട്.

കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുള്ളൂ. ഇക്കാര്യത്തില്‍ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല സി.ബി.ഐ സ്വീകരിക്കുന്ന നിലപാടും ഏറെ നിര്‍ണ്ണായകമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കൊണ്ട് ഹര്‍ജി നല്‍കിക്കാനാണ് അണിയറയില്‍ ഇപ്പോള്‍ ശ്രമം നടക്കുന്നത്. കേരളത്തില്‍ സി.ബി.ഐക്ക് നിലവില്‍ രണ്ടു യൂണിറ്റുകളാണ് ഉള്ളത്. കൊച്ചിയിലെ യൂണിറ്റ്, സാമ്പത്തിക കുറ്റ കൃത്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. തിരുവനന്തപുരം യൂണിറ്റാണ് കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കുന്നത്. പലപ്പോഴും കേസുകള്‍ ഏറ്റെടുക്കുന്നതില്‍ സി.ബി.ഐ വിമുഖത കാണിക്കുന്നത് ഉദ്യോഗസ്ഥരുടെ കുറവും അന്വേഷിക്കുന്ന കേസുകളുടെ ബാഹുല്യവും മൂലമാണ്. ഇതിനു പരിഹാരമായാല്‍ ഏത് കേസുകള്‍ ഏറ്റെടുക്കാനും തയ്യാറാണെന്ന നിലപാടാണ് സി.ബി.ഐക്കുള്ളത്.

സംസ്ഥാന പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് ഉള്ളതിനാല്‍ കേരളത്തിലെ കേന്ദ്ര ഏജന്‍സികളെ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് പരിവാര്‍ നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. സി.ബി.ഐക്ക് മാത്രമല്ല എന്‍.ഐ.എ യൂണിറ്റിനെയും ശക്തിപ്പെടുത്തണമെന്നതാണ് അവരുടെ ആവശ്യം. സംഘ പരിവാര്‍ നേതൃത്വത്തിന്റെ ഈ ആവശ്യം കേന്ദ്ര സര്‍ക്കാറിനും തള്ളിക്കളയാന്‍ കഴിയുന്നതല്ല. പ്രത്യേകിച്ച് ആര്‍.എസ്.എസ് ആസ്ഥാനം ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതാണ് നടക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനടക്കം വ്യക്തിപരമായി ഏറെ അടുപ്പമുള്ളതും കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരോടാണ്. അതു കൊണ്ടു തന്നെയാണ് ദേശീയ നേതൃത്വം ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.

ആലപ്പുഴയില്‍ രഞ്ജിത്ത് ശ്രീനിവാസ് കൊല ചെയ്യപ്പെട്ടപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ കുതിച്ചെത്തിയത് ആര്‍.എസ്.എസ് ഇടപെടലിനെ തുടര്‍ന്നാണ്. അണികള്‍ക്കും നേതാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്നതിനും പൊലീസിന് മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ടി കൂടിയായിരുന്നു ഈ സന്ദര്‍ശനം. കൊലയാളികളെ കേരള പൊലീസ് പിടിച്ചില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ പിടിക്കുമെന്ന വ്യക്തമായ സന്ദേശം തന്നെയാണ് കേന്ദ്രമന്ത്രിയും നല്‍കിയിരിക്കുന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മരണപ്പെട്ടപ്പോള്‍ തന്നെ ആ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ആര്‍.എസ്.എസിനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നത്. എന്നിട്ടും ആലപ്പുഴയില്‍ താമസിക്കുന്ന സംഘ പരിവാര്‍ നേതാക്കള്‍ക്ക് പൊലീസ് സുരക്ഷ നല്‍കാതിരുന്നത് ഗൗരവമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്.

കേരളത്തിലെ നിലവിലെ സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഐ.ബിയും കേന്ദ്ര സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ഇതില്‍ ലോക്കല്‍ പൊലീസിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. രഞ്ജിത്ത് ശ്രീനിവാസിന്റെ മരണമെങ്കിലും പൊലീസിനു തടയാന്‍ കഴിയുമായിരുന്നു എന്ന അഭിപ്രായം പൊതു സമൂഹത്തിലും ശക്തമാണ്. കേരള പൊലീസ് പ്രതിരോധത്തില്‍ ആയിരിക്കുന്നതും ഇവിടെയാണ്. ഈ രണ്ട് കൊലപാതകത്തിനു ശേഷവും ചില അക്രമണ കേസുകള്‍ ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും പൊലീസിന്റെ കഴിവുകേട് തുറന്നുകാട്ടുന്നതാണ്.ഈ അവസ്ഥയില്‍ ലോക്കല്‍ പൊലീസിനെ നമ്പാതെ നിയമപോരാട്ടം നടത്തി ആയാലും രഞ്ജിത്ത് ശ്രീനിവാസിന്റെ ഉള്‍പ്പെടെയുള്ള കൊലപാതക കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വിടുവിക്കാനുള്ള നീക്കമാണിപ്പോള്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കള്‍ നടത്തുന്നത്. ഇത്തരമൊരു സാധ്യത തിരിച്ചറിഞ്ഞ് പഴുതടച്ചുള്ള അന്വേഷണമാണ് സംസ്ഥാന പൊലീസും നടത്തി വരുന്നത്.

അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായി സമീപകാലത്ത് നടന്ന ആക്രമണങ്ങള്‍ തീവ്രവാദ സംഘങ്ങളാണ് നടത്തിയതെന്ന ആരോപണത്തിലാണ് ആര്‍.എസ്.എസ് നേതൃത്വം ഉറച്ചു നില്‍ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദ സംഘടന ആയാണ് പരിവാര്‍ നേതൃത്വം നോക്കികാണുന്നത്. ഈ സംഘടനയുടെ രാഷ്ട്രീയ വിഭാഗമാണ് എസ്.ഡി.പി.ഐ. ഇത്തരം സംഘടനകളെ നിരോധിക്കണമെന്നതാണ് സംഘപരിവാര്‍ നിലപാട്. രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തോടെ ഈ ആവശ്യം മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദവും ശക്തമാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൊലചെയ്യപ്പെട്ട ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടി ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വമാണെന്നതാണ് ആര്‍.എസ്.എസ് സംശയിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി അവര്‍ പ്രചരണവും ശക്തമാക്കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഷാനിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് ആരോപിച്ച് തിരിച്ചും ക്യാംപയിന്‍ ആരോപിച്ചിട്ടുണ്ട്. ഇരുവിഭാഗത്തിന്റെയും ഈ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന രീതിയിലാണ് വൈരാഗ്യം കത്തിനില്‍ക്കുന്നത്. പൊലീസിനെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഇനി ഒരു ആക്രമണം കൂടി ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അണികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണവും ശക്തമാണ്. രണ്ടു കൊലക്കേസുകളിലെയും യഥാര്‍ത്ഥ പ്രതികളെ മാത്രമല്ല ഗൂഢാലോചനക്കാരെയും പിടികൂടി നിയമ നടപടിക്ക് വിധേയമാക്കുക എന്നതാണ് സംസ്ഥാന പൊലീസിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം അവര്‍ നിറവേറ്റാത്ത പക്ഷം ഈ കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാനുള്ള സാധ്യതയും വളരെ കൂടുതല്‍ തന്നെയാണ്.

EXPRESS KERALA VIEW

Top