കോൺഗ്രസ്സ് ദേശീയ നേതൃത്വം ആശങ്കയിൽ, ആന്റണി അറിഞ്ഞാണോ മകന്റെ നീക്കമെന്നും സംശയം

കൻ മൂലം സ്വന്തം രാഷ്ട്രീയ പാർട്ടിയിൽ തലകുനിച്ചിരിക്കേണ്ട ഗതികേടിലാണിപ്പോൾ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആന്റണിയുള്ളത്. കോൺഗ്രസ്സിനെ രാഷ്ട്രീയമായി എതിർക്കുന്നവർ പോലും ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിക്കെതിരായ കോൺഗ്രസ്സ് നിലപാടിനൊപ്പമാണുള്ളത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി കോൺഗ്രസ്‌ പദവികൾ വിട്ടില്ലായിരുന്നു എങ്കിൽ അദ്ദേഹത്തെ പുറത്താക്കണമായിരുന്നു എന്ന വികാരമാണ് ഈ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ബിബിസിയുടെ മോദി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി വാദം ഏറ്റെടുത്ത് ട്വീറ്റ്‌ ചെയ്‌ത അനിലിനെതിരെ കോൺഗ്രസ്സിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് അദ്ദേഹം രാജിവയ്ക്കാൻ നിർബന്ധിതനായിരുന്നത്.

“കോൺഗ്രസ്സിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലന്നും യോഗ്യതയെക്കാൾ സ്തുതിപാഠകർക്കാണ് സ്ഥാനമെന്നുമുള്ള” അനില്‍ ആന്റണിയുടെ പ്രതികരണവും വസ്തുതകൾക്ക് നിരക്കാത്തതാണ്. രാജ്യത്ത് ഏറ്റവും അധികം അഭിപ്രായ സ്വാതന്ത്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്സ്. യാതൊരു അച്ചടക്കവും ഇല്ലാതെ അഭിപ്രായങ്ങൾ വിളിച്ചു പറയുന്നവരാണ് ഇന്ന് കോൺഗ്രസ്സിനെ ഈ ഗതിയിൽ ആക്കിയിരിക്കുന്നത്. അതുകൊണ്ട് അനിൽ ആന്റണിയുടെ ആ വാദമൊന്നും വിലപ്പോകാൻ പോകുന്നില്ല. രാജിവച്ചവന്റെ ജൽപ്പനങ്ങളാണ് ഇതെല്ലാം.

പിന്നെ സ്തുതി പാഠകർക്കാണ് കോൺഗ്രസ്സിൽ സ്ഥാനമെങ്കിൽ അത് ആദ്യം പറയേണ്ടത് എ.കെ ആന്റണിയുടെ മുഖത്തു നോക്കിയാണ്. ‘സ്തുതിപാഠി ‘ തന്നെയാണ് എ.കെ ആന്റണിയും സ്ഥാനമാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. അതാകട്ടെ കോൺഗ്രസ്സിന്റെ പാരമ്പര്യമാണ്. അനിൽ ആന്റണിയെ എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റർ ആക്കിയതു തന്നെ ആന്റണിയുടെ മകനായതു കൊണ്ടു മാത്രമാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് ഇക്കാര്യം കൂടി അനിൽ ആന്റണി ഓർക്കണമായിരുന്നു.

ബി.ബി.സി ഡോക്യുമെന്ററിയെ രാഹുല്‍ ഗാന്ധിയടക്കം സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശനത്തിന് കെപിസിസി മുന്‍കൈയെടുക്കുകയും ചെയ്തപ്പോഴായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് അനില്‍ ആന്റണി ബിബിസിയെ തള്ളി രംഗത്ത് വന്നിരുന്നത്. “ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമായിരുന്നു അനില്‍ ആന്റണിയുടെ ട്വീറ്റ്. അനില്‍ ആന്റണിയുടെ പരാമര്‍ശം പാർട്ടി നിലപാട് അല്ലെന്ന് നേതാക്കൾ തിരുത്തിയിട്ടും അനിൽ അഭിപ്രായത്തിൽ ഉറച്ച് നിന്നതോടെയാണ് ശക്തമായ പ്രതിഷേധമുയർന്നിരുന്നത്. ഇതിനുപിന്നാലെയാണ് രാജിയും സംഭവിച്ചിരിക്കുന്നത്.

അതേസമയം കോൺഗ്രസ്സിന്റെ ദേശീയ മുഖമായ എ.കെ ആന്റണിയുടെ മകന്റെ പ്രതികരണത്തെ ബി.ജെ.പി ശരിക്കും ആയുധമാക്കി തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സംഘപരിവാർ പ്രവർത്തകർ അനിലിന്റെ ട്വീറ്റിനെ ആഘോഷമാക്കിയാണ് വരവേറ്റിരിക്കുന്നത്. ഇതോടെ അനിൽ ആന്റണി ബി.ജെ.പിയിൽ എത്തുമെന്ന പ്രചരണവും ശക്തമായിട്ടുണ്ട്. ഇതും കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. ആന്റണിയുടെ മകൻ ബി.ജെ.പിയിൽ എത്തുക എന്നത് കോൺഗ്രസ്സ് നേതൃത്വത്തിന് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്.

വിഷയത്തിൽ ഇടപെടാൻ കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആന്റണി ഒരു പ്രതികരണത്തിനും ഇതുവരെ മുതിർന്നിട്ടില്ല. ഇതും ഏറെ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചത് ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രബല വിഭാഗം യു.ഡി.എഫിനെ കൈവിട്ടതു കൊണ്ടാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ അനിൽ ആന്റണിയുടെ വിവാദ പരാമർശം ഇടതുപക്ഷത്തിന് നല്ലൊരു രാഷ്ട്രീയ ആയുധമാകുമെന്നാണ് കരുതുന്നത്.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പേര്‌ പരാമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററിക്കെതിരെ ശക്തമായാണ് ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഈ എതിർപ്പുകളെ വകവയ്ക്കാതെ വിവിധ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ വിവാദ ഡോക്യുമെന്ററി തെരുവുകളിൽ പ്രദർശിപ്പിച്ചു വരികയാണ്. ഇതാകട്ടെ രാജ്യത്ത് പുതിയ രാഷ്ട്രീയ പോരാട്ടത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കാമ്പസുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐയും തെരുവുകളിൽ ഡി.വൈ.എഫ് ഐ, യൂത്ത് കോൺഗ്രസ്സ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളും ഡോക്യുമെന്ററി പ്രദർശനം വ്യാപകമായി നടത്തുന്നുണ്ട്. പൗരത്വ നിയമ ഭേതഗതിക്കെതിരായ പ്രതിഷേധത്തിനു ശേഷം ഒരു വലിയ ക്രമസമാധാന പ്രശ്നമായാണ് ഈ സംഭവം മാറിയിരിക്കുന്നത്.

തിരുവനന്തപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലും പൊലീസ് നടപടിയും വ്യാപകമായി ഉണ്ടായിട്ടുണ്ട്. പ്രതിഷേധങ്ങളെ വകവയ്ക്കില്ലന്നും കേരളത്തിലെങ്ങും ഡോക്യുമെൻററി പ്രദർശിപ്പിക്കുമെന്നുമാണ് ഡി.വൈ.എഫ്.ഐ – എസ്.എഫ് ഐ.നേതൃത്വങ്ങൾ അറിയിച്ചിരിക്കുന്നത്. ഡൽഹി ജെ.എൻ.യു, ജാമിഅ മില്ലിയ സർവ്വകലാശാലകളിൽ ഡോക്യുമെന്ററി പ്രദർശനം തടയാൻ ശക്തമായ നീക്കമുണ്ടായി. സംഘർഷത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.
ജാമിഅ മില്ലിയ സർവകലാശാലയിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.

അന്താരാഷ്ട്ര തലത്തിൽ തന്നെ ബി.ബി.സി യുടെ വിവാദ ഡോക്യുമെന്ററിയായ “ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഇപ്പോൾ വലിയ ചർച്ചയാണ്. ഡോക്യുമെന്ററിയുടെ ഒരുമണിക്കൂർ വരുന്ന ആദ്യഭാഗം ജനുവരി 17-നാണ് ബി.ബി.സി. പുറത്തുവിട്ടിരുന്നത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുള്ളതായാണ് ഡോക്യുമെന്ററി ആരോപിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി നിർമിച്ചതെന്ന് ബി.ബി.സി അധികൃതരും വിശദീകരിക്കുന്നുണ്ട്.

അതേസമയം ബി.ബി.സി. നിരാകരിക്കപ്പെട്ട ആഖ്യാനം കുത്തിപ്പൊക്കുകയാണെന്നും കൊളോണിയൽ മനോഭാവത്തിന്റെ തുടർച്ച പ്രതിഫലിക്കുന്നതാണ് ഇതെന്നുമാണ് കേന്ദ്ര സർക്കാർ വാദിക്കുനത്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കംചെയ്യാൻ യുട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് പ്രതിപക്ഷ സംഘടനകൾ മുന്നോട്ട് പോകുന്നത്. ഇടതുപക്ഷ നേതാക്കൾക്കു പുറമെ രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും എം കെ ആന്റണിയുടെ മകൻ ബി.ജെ.പി നിലപാട് ഉയർത്തിപ്പിടിച്ചതോടെ കോൺഗ്രസ്സാണിപ്പോൾ പ്രതിരോധത്തിലായിരിക്കുന്നത്.

EXPRESS KERALA VIEW

Top