കുതിരാന്‍ തുരങ്കം തുറക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് ദേശീയപാതാ അതോറിറ്റി

തിരുവനന്തപുരം: കുതിരാന്‍ തുരങ്കം തുറക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ ഇടതു തുരങ്കം ഗതാഗതത്തിന് സജ്ജമായി. തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണ് തുറന്നു കൊടുക്കുക.

ആഗസ്ത് ഒന്നിനു മുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച പ്രധാന പണി പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ദേശീയപാതാ അതോറിറ്റിയുടെ അന്തിമ അനുമതി വേണം.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദേശീയപാതാ അതോറിറ്റി അധികൃതര്‍ അന്തിമ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിശോധന നടന്നില്ല. ശനിയാഴ്ച പരിശോധന നടത്തിയ ശേഷം അനുമതി കൊടുത്താല്‍ ഞായറാഴ്ച മുതല്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകും.

ദേശീയപാതാ അതോറിറ്റി പാലക്കാട് ഓഫീസിലെ പ്രോജക്ട് ഡയറക്ടറാണ് അന്തിമ അനുമതി നല്‍കേണ്ടത്. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Top