സമസ്തയുടെ ഇടതു ബന്ധം തകർക്കാൻ മുസ്ലീംലീഗ് ഇടപെടലും, ഭിന്നത രൂക്ഷം

മുസ്ലിംലീഗിന്റെ ഏറ്റവും ശക്തമായ വോട്ട് ബാങ്കാണ് സമസ്ത. ഈ സാമുദായിക സംഘടന എതിരായാൽ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയിൽ പോലും ലീഗിന് കാലിടറുകയും ഒന്നുമല്ലാതായി മാറുകയും ചെയ്യും. ഇക്കാര്യം ശരിക്കും അറിയാവുന്നവത് മുസ്ലിംലീഗ് നേതൃത്വത്തിനു തന്നെയാണ്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സമസ്ത നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാറിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. ലീഗ് നേതൃത്വത്തെ ഏറെ ആശങ്കപ്പെടുത്തുന്നതും ഇതു തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സമസ്തയെ ഒപ്പം നിർത്തേണ്ടത് ലീഗിനെ സംബന്ധിച്ച് നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. സംസ്ഥാനത്തെ 20 ലോകസഭ സീറ്റുകളിൽ മലപ്പുറം, പൊന്നാനി സീറ്റുകളിൽ മാത്രമാണ് മുസ്ലീംലീഗ് മത്സരിക്കുക. വയനാട് സീറ്റിനോട് ലീഗിന് നോട്ടമുണ്ടെങ്കിലും രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കും എന്നതിനാൽ ആ സീറ്റിനോടുള്ള മോഹം തൽക്കാലം ലീഗ് മാറ്റിവച്ചിരിക്കുകയാണ്. കൈവശമുള്ള രണ്ട് സീറ്റുകൾ നിലനിർത്തുക എന്നതാണ് ആ പാർട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. എന്നാൽ ഈ ലക്ഷ്യത്തിൽ ഇത്തവണ എത്തുക ലീഗിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. മലപ്പുറം നിലനിർത്താൻ കഴിഞ്ഞാലും പൊന്നാനിയിൽ വലിയ വെല്ലുവിളിയാണ് ലീഗ് നേരിടേണ്ടി വരിക.

പൊന്നാനി ലോകസഭ മണ്ഡലത്തിനു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. ഈ കണക്ക് പ്രകാരം 10,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് പൊന്നാനി ലോകസഭ മണ്ഡലത്തിൽ യു.ഡി.എഫിന് ഉള്ളത്. അതായത് ഒന്നു ആഞ്ഞുപിടിച്ചാൽ പൊന്നാനിയും ചുവക്കുമെന്ന് വ്യക്തം. ഇതാണ് മുസ്ലീം ലീഗിന്റെ ചങ്കിടിപ്പിക്കുന്നത്. രാഹുൽ എഫക്ട് ഇത്തവണ ഗുണം ചെയ്യില്ലന്ന വിലയിരുത്തലും ലീഗ് നേതൃത്വത്തിനുണ്ട്. അതു കൊണ്ട് തന്നെ സ്വന്തം വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താനാണ് ഇപ്പോഴത്തെ ശ്രമം. അതിനു വേണ്ടിയാണ് സമസതയെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. ഇടതുപക്ഷത്തോട് അടുപ്പമുള്ള നേതാക്കൾക്കെതിരെ സമസ്തയിലെ ലീഗ് അനുഭാവികളെ തന്നെ രംഗത്തിറക്കി പ്രതിരോധിക്കാനാണ് ശ്രമം.

സുന്നി വേദിയിൽ രാഷ്ട്രീയ ചായ്‍വിനെ ചൊല്ലി സമസ്ത നേതാക്കൾ തമ്മിൽ ഉടക്കിയത് പോലും യാദൃശ്ചിക സംഭവമല്ല. ലീഗിന്റെ അദൃശ്യമായ കരങ്ങൾ ഇതിനു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. സമസ്ത മുഷാവറ അംഗങ്ങളായ ബഹാവുദ്ദിൻ നദ് വിയും മുക്കം ഉമർ ഫൈസിയുമാണ് സംഘടനയുടെ ഇടതുപക്ഷ ചായ്‍വിനെ ചൊല്ലി പരസ്യമായി ഇടഞ്ഞിരുന്നത്. എസ് കെ എസ് എസ് എഫ് വിശദീകരണയോഗത്തിൽ ബഹാവുദ്ദിൻ നദ്‍ വി വഖഫ് വിഷയത്തെച്ചൊല്ലി സമസ്ത അധ്യക്ഷനെ പരോക്ഷമായി വിമർശിച്ചതാണ് തർക്കത്തിന് തുടക്കമിട്ടിരുന്നത്. തുടർന്ന് സംസാരിച്ച സമസ്തയിലെ ലീഗ് വിരുദ്ധനായ മുക്കം ഉമർ ഫൈസി, സമസ്തയുടെ നിലപാടിനെ ആരും ചോദ്യം ചെയ്യേണ്ടെന്ന് താക്കീത് നൽകിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചിരുന്നത്.

മുസ്ലിംലീഗ് തന്നെ ഇടത് പക്ഷത്തേക്ക് നീങ്ങുമ്പോൾ സമസ്തയെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. സമസ്തയെ വിമർശിക്കുന്ന മുസ്ലിം ലീഗ് താമസിയാതെ ഇടത് മുന്നണിയിലെത്തുമെന്നും ഉമർ ഫൈസി പരിഹസിക്കുകയുണ്ടായി. രാഷ്ട്രീയ നിലപാടിനെച്ചൊല്ലി സമസ്‍തയ്ക്കുള്ളില്‍ രണ്ട് ചേരികൾ രൂപപ്പെട്ടെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് മുതി‍‍ർന്ന നേതാക്കളുടെ ഈ പൊതുവേദിയിലെ ഏറ്റുമുട്ടൽ. ലീഗിനോട് ഇടഞ്ഞ് ഇടതുമുന്നണിയുമായി അടുപ്പം പുലർത്താൻ സമസ്ത അധ്യക്ഷനടക്കമുള്ളവർ ശ്രമിച്ചതോടെയാണ് സംഘടനയിൽ ചേരിതിരിവും ശക്തമായിരിക്കുന്നത്. ലീഗ് അനുകൂലികൾ എന്നും ഇടത് അനുകൂലികൾ എന്നും രണ്ട് വിഭാഗമായാണ് സമസ്ത ഇപ്പോൾ മാറിയിരിക്കുന്നത്. ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിനു തന്നെയാണ് സംഘടനക്കുള്ളിൽ ആധിപത്യം ഉള്ളത്. ഈ നില തുടർന്നാൽ പൊന്നാനി ലോകസഭ മണ്ഡലം കൈവിട്ടു പോകുമോ എന്നതാണ് ലീഗിനെ ഭയപ്പെടുത്തുന്നത്.

പരാജയപ്പെട്ടെങ്കിലും മലപ്പുറം ലോകസഭ മണ്ഡലത്തിൽ പോലും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ഇടതുപക്ഷം വർദ്ധിപ്പിച്ചിരിക്കുന്നത്. ലീഗ് കോട്ടുകളിൽ വിള്ളൽ വീണതു കൊണ്ടാണ് ഇടതുപക്ഷം ശക്തി വർദ്ധിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ആര്യാടൻ മുഹമ്മദ് അന്തരിച്ചതോടെ കോൺഗ്രസ്സിനും ജനപിന്തുണയുള്ള ഒരു നേതാവ് മലപ്പുറത്തില്ല. ഇതും യു.ഡി.എഫ് വോട്ട് ബാങ്കിനെയാണ് ബാധിക്കാൻ പോകുന്നത്. കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ വോട്ട് കൂടി ശേഖരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെ ഇടതുപക്ഷം നിർത്തിയാൽ ലോകസഭ തിരഞ്ഞെടുപ്പിൽ മാത്രമല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മലപ്പുറം ജില്ലയിൽ ലീഗിന് ഭീഷണിയാകും. ഇതെല്ലാം മുന്നിൽ കണ്ട് മുന്നണി മാറണമെന്ന അഭിപ്രായവും ലീഗിൽ ശക്തമാണ്. ഇടതുപക്ഷം അനുകൂലമായി പ്രതികരിച്ചാൽ ലീഗിലെ പ്രബല വിഭാഗം തന്നെ ഇടതുപക്ഷത്തേക്ക് ചേക്കേറാനാണ് സാധ്യത. അതോടെ യു.ഡി.എഫിന്റെ പതനവും പൂർണ്ണമാകും.

ലീഗുമായി ഇടതുപക്ഷം സഹകരണത്തിന് തയ്യാറായാൽ വയനാട് ലോകസഭ മണ്ഡലത്തിലും ലീഗ് സ്ഥാനാർത്ഥിക്ക് എളുപ്പത്തിൽ വിജയിക്കാൻ കഴിയും. മൂന്ന് ലോകസഭ അംഗങ്ങളെ ലഭിക്കാൻ മാത്രമല്ല വീണ്ടും സംസ്ഥാന ഭരണത്തിൽ വരാനും മുസ്ലിംലീഗിന് മുന്നണി മാറ്റം അനിവാര്യമാണ് എന്നാണ് ലീഗിലെയും സമസ്തയിലെയും ഇടതു അനുകൂലികൾ വാദിക്കുന്നത്. കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ സംഘപരിവാർ അനുകൂല നിലപാടുകൾ ലീഗിനെ വെട്ടിലാക്കിയെന്ന കാര്യത്തിലും ഈ വിഭാഗത്തിന് സംശയമില്ല. ഇനിയും ലീഗ് യു.ഡി.എഫിൽ തുടർന്നാൽ പാർട്ടി തന്നെ ഇല്ലാതാകുമെന്നതാണ് മുന്നറിയിപ്പ്. പാണക്കാട്ട് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലങ്കിൽ സ്വന്തം വഴി നോക്കണമെന്ന അഭിപ്രായവും ലീഗ് നേതാക്കൾക്കിടയിൽ ശക്തമാണ്. അത് എപ്പോൾ സംഭവിക്കും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

EXPRESS KERALA VIEW

Top