മൂന്നാം സീറ്റ് ലഭിച്ചാലും ഇല്ലങ്കിലും മുസ്ലീംലീഗ് നേരിടാൻ പോകുന്നത് ‘അഗ്നിപരീക്ഷ’ കോൺഗ്രസ്സും ‘ത്രിശങ്കുവിൽ’

ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ… ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുള്ളത്. മൂന്നാം സീറ്റെന്ന മുസ്ലീംലീഗിൻ്റെ ആവശ്യത്തിന് വഴങ്ങിയാലും, വഴങ്ങിയില്ലെങ്കിലും . . . വലിയ പ്രതിസന്ധിയിലേക്കാണ് കോൺഗ്രസ്സ് പോകുക. മൂന്നാമത്തെ സീറ്റ് വിട്ടു നൽകാൻ കോൺഗ്രസ്സ് തീരുമാനിച്ചാൽ , അത് കോൺഗ്രസ്സിൽ വലിയ പ്രതിഷേധത്തിന് കാരണമാകും. ഇത്തവണ ഒരു സീറ്റ് വിട്ടു കൊടുത്താൽ , പിന്നെ ഒരിക്കലും ആ മണ്ഡലത്തിൽ കോൺഗ്രസ്സിനു മത്സരിക്കാൻ പറ്റില്ലന്നത് , നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഇനി പകരം രാജ്യസഭ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താലും , കോൺഗ്രസ്സിലെ പ്രതിഷേധം ശമിക്കുകയില്ല. ഉറപ്പായും യു.ഡി.എഫിന് വിജയിപ്പിക്കാൻ കഴിയുന്ന രാജ്യസഭ സീറ്റിൽ , ഇപ്പോൾ തന്നെ നിരവധി നേതാക്കൾ നോട്ടമിട്ടിട്ടുണ്ട്. ലീഗിന് ഈ സീറ്റ് കൊടുത്താൽ , അവരുടെ പ്രതീക്ഷയാണ് തകർന്നടിയുക. മാത്രമല്ല , പിന്നീട് അതും ഒരു കീഴ്വഴക്കമായി മാറുകയും ചെയ്യും.

ലോകസഭയിൽ ആയാലും രാജ്യസഭയിൽ ആയാലും , ലീഗിന് അധികസീറ്റ് നൽകിയാൽ , അതംഗീകരിക്കില്ലന്ന വികാരം , ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽ ഉൾപ്പെടെ , കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ ഉണ്ട്. പൊന്നാനിയിൽ ലീഗിന് വിജയിക്കണമെങ്കിൽ , കോൺഗ്രസ്സിൻ്റെ വോട്ടുകൾ എന്തായാലും അനിവാര്യമാണ്. ചെറിയ വിഭാഗം മാറി ചിന്തിച്ചാൽ പോലും , പൊന്നാനിയിൽ വലിയ തിരിച്ചടിയാണ് ലീഗിന് സംഭവിക്കുക. മൂന്നാംസീറ്റ് ലീഗ് പിടിച്ചു വാങ്ങിയാൽ , പൊന്നാനിയിൽ കണക്കു തീർക്കുമെന്ന വാശിയിലാണ് കോൺഗ്രസ്സിലെ ഒരു വിഭാഗമുള്ളത്. കടുത്ത ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ച പാരമ്പര്യമുള്ള…ആര്യാടൻ മുഹമ്മദിൻ്റെ രാഷ്ട്രീയ ലൈൻ തന്നെയാണിത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം , പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫിൻ്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാണ്. കോൺഗ്രസ്സ് ഒപ്പമുണ്ടായിട്ടു പോലും ഇതാണ് സ്ഥിതി. ഈ കണക്കുകളിലെ അപകടമാണ് , മൂന്നാംസീറ്റെന്ന ആവശ്യത്തിൽ പിടിമുറുക്കാൻ ലീഗിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പൊന്നാനി നഷ്ടമായാലും , രണ്ട് സീറ്റ് നിലനിർത്തുവാൻ , അധിക സീറ്റ് അനിവാര്യമാണെന്നാണ് , ലീഗ് നേതൃത്വം കരുതുന്നത്. കോൺഗ്രസ്സിൽ നിന്നും ലോകസഭ സീറ്റ് പിടിച്ചു വാങ്ങുന്നതിനേക്കാൾ , ലീഗ് നേതൃത്വത്തിന് താൽപ്പര്യം ,ഒഴിവു വരുന്ന രാജ്യസഭ സീറ്റുതന്നെയാണ്. അതിനാകട്ടെ , അതിൻ്റേതായ കാരണവുമുണ്ട്. കോൺഗ്രസ്സിൻ്റെ ഏത് സിറ്റിംഗ് സീറ്റ് പിടിച്ചു വാങ്ങി മത്സരിച്ചാലും , ആ മണ്ഡലത്തിലെ ലീഗിൻ്റെ തോൽവി ഉറപ്പിക്കാൻ കോൺഗ്രസ്സ് അനുഭാവികളും പ്രവർത്തകരും അണിയറയിൽ പ്രവർത്തിക്കുമെന്നാണ് ലീഗ് ഭയക്കുന്നത്. ഈ പാലംവലി ഒഴിവാക്കാൻ രാജ്യസഭ സീറ്റ് മതിയെന്നതാണ് ധാരണ. കോൺഗ്രസ്സുമായുള്ള ചർച്ചയിൽ , മൂന്നാമതൊരു ലോകസഭ സീറ്റ് ആവശ്യപ്പെടുമെങ്കിലും , രാജ്യസഭ സീറ്റിൽ വഴങ്ങാനാണ്, ലീഗ് നേതൃത്വമെടുത്തിരിക്കുന്ന തീരുമാനം.

എന്നാൽ , അതും നൽകാൻ കോൺഗ്രസ്സ് തയ്യാറായില്ലങ്കിൽ , ഒറ്റയ്ക്ക് മത്സരിക്കണമെന്ന വികാരവും , ലീഗിൽ ശക്തമാണ്. അപ്പോഴും ലീഗിന് മുന്നിലുള്ള പ്രധാന വെല്ലുവിളി പൊന്നാനിയാണ്. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ , പൊന്നാനിയിൽ ഉറപ്പായും അവർ തോൽക്കും. ലീഗ് ഒപ്പമില്ലങ്കിൽ , കാസർഗോഡ് , കണ്ണൂർ , കോഴിക്കോട് , വയനാട് , പാലക്കാട് ലോകസഭ മണ്ഡലങ്ങളിലെ കോൺഗ്രസ്സിൻ്റെ അവസ്ഥ അതി ദയനീയമാകും. ലീഗ് ഒപ്പമുണ്ടായാലും , വയനാട് ഒഴികെ… കോൺഗ്രസ്സ് മത്സരിക്കുന്ന മലബാറിലെ ബാക്കി നാലു സീറ്റുകളിലും, ഇത്തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ലീഗ് കൂടി ഇല്ലാത്ത ഒരവസ്ഥ , കോൺഗ്രസ്സിന് സ്വപ്നം കാണാൻ പോലും കഴിയുകയില്ല.ഇനി അഥവാ , ഒറ്റയ്ക്ക് മത്സരിക്കാൻ ലീഗ് തീരുമാനിച്ചാൽ… ഇടതുപക്ഷം എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമാണ്.

എ.പി – ഇ.കെ വിഭാഗം സുന്നികളുടെ പിന്തുണയുള്ള കെ.എസ് ഹംസയെ, ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയതോടെ… പൊന്നാനിയിൽ ശക്തമായ അടിയൊഴുക്കിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിക്കുക എന്ന സാഹസത്തിന് , ലീഗ് മുതിരാൻ സാധ്യത എന്തായാലും കുറവാണ്. കോൺഗ്രസ്സ് വിട്ടുവീഴ്ച ചെയ്താലും ഇല്ലെങ്കിലും , യു.ഡി.എഫ് വിട്ടു പോകാൻ , നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗിന് കഴിയുകയില്ല. അങ്ങനെ സംഭവിക്കണമെങ്കിൽ , ഇടതുപക്ഷത്തിൻ്റെ വാതിൽ തുറക്കപ്പെടണം.

ലീഗിന് മൂന്നാമതൊരു സീറ്റിന് അർഹതയുണ്ടെന്ന് , സി.പി.എം നേതാക്കൾ പറയുന്നുണ്ടെങ്കിലും , ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യാൻ , അവർ തയ്യാറായിട്ടില്ല. അത്തരമൊരു ഉറപ്പ് ലീഗിന് കൊടുക്കണമെങ്കിൽ , ഇടതുപക്ഷ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം കൈകൊള്ളേണ്ടി വരും. സി.പി.എമ്മും സി.പി.ഐയും എടുക്കുന്ന നിലപാടുകളായിരിക്കും , ഇക്കാര്യത്തിൽ നിർണ്ണായകമാകുക. ഇടതുപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കുന്ന ഒരു നിലപാടും , തൽക്കാലം ഇടതുപക്ഷം സ്വീകരിക്കുകയില്ല. പക്ഷേ അപ്പോഴും , മുൻപ് പയറ്റിയ പോലുള്ള ഒരു അടവ് നയത്തിനുള്ള സാധ്യത അവർ തുറന്നിടാൻ തന്നെയാണ് സാധ്യത.

പൊന്നാനിയിലും വയനാട്ടിലും മലപ്പുറത്തും ലീഗ് സ്ഥാനാർത്ഥികൾ വിജയിക്കട്ടെ എന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചാൽ മാത്രമേ , ലീഗ് ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറാകുകയൊള്ളൂ. അതല്ലാതെ, ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കു മത്സരിക്കാൻ ലീഗ് തീരുമാനിച്ചാൽ , മലപ്പുറത്തു മാത്രമാണ് അവർക്ക് വിജയ സാധ്യതയുള്ളത്. കോൺഗ്രസ്സിനാകട്ടെ മലബാറിൽ ഒരു സീറ്റു പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും.

മുന്നാം സീറ്റിനായുള്ള യു.ഡി.എഫിലെ തർക്കം, ആത്യന്തികമായി ഗുണം ചെയ്യാൻ പോകുന്നത് ഇടതുപക്ഷത്തിനാണ്. നിലവിലെ അവസ്ഥ തന്നെ തുടരട്ടെ എന്നു പറഞ്ഞ് , ലീഗ് നേതൃത്വം കോൺഗ്രസ്സിനു മുന്നിൽ കീഴടങ്ങിയാൽ പോലും , ലീഗ് വോട്ട് ബാങ്കിലാണ് വിള്ളൽ വീഴാൻ പോകുന്നത്. അർഹിച്ച സാമുദായിക പ്രാതിനിത്യമെന്നത് , ലീഗിൻ്റെ താൽപ്പര്യം എന്നതിലുപരി , സമുദായത്തിൻ്റെ താൽപ്പര്യമായാണ് മാറിയിരിക്കുന്നത്. പാർലമെൻ്റിൽ മുസ്ലിം സമുദായത്തിന് ഇടതുപക്ഷം നൽകുന്ന പ്രാതിനിത്യം പോലും , കോൺഗ്രസ്സ് നൽകുന്നില്ലന്ന വികാരമാണ് , മുസ്ലിം സംഘടനകളിലും ശക്തമായിരിക്കുന്നത്. നിലവിൽ കേരളത്തിൽ നിന്നും 15 ലോകസഭാംഗങ്ങൾ കോൺഗ്രസ്സിന് ഉണ്ടെങ്കിലും , അതിൽ ഒരു മുസ്ലീം പ്രാതിനിത്യം പോലും ഇല്ലാത്തതാണ് , സാമുദായ നേതാക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ്സ് നേതൃത്വത്തിലെ വർദ്ധിച്ച് വരുന്ന ഹിന്ദുത്വ അനുകൂല നിലപാടും, മുസ്ലിം വിഭാഗത്തിൽ ആശങ്ക പരത്തിയിട്ടുണ്ട്. കോൺഗ്രസ്സിൻ്റെ സകല കണക്കു കൂട്ടലുകളും തെറ്റിക്കാൻ ശേഷിയുള്ള വികാരം തന്നെയാണിത്. അതെന്തായാലും , പറയാതെ വയ്യ.

EXPRESS KERALA VIEW

Top