മൂന്ന് സീറ്റില്‍ കൂടുതല്‍ മത്സരിക്കാന്‍ മുസ്ലിം ലീഗിന് അര്‍ഹതയുണ്ട്; ഇ പി ജയരാജന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്ന് സീറ്റില്‍ കൂടുതല്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഇ പി ജയരാജന്‍. ലീഗിനെ കോണ്‍ഗ്രസ് വട്ടം കറക്കുകയാണ്. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന്‍ പറഞ്ഞു. സമരാഗ്‌നിയില്‍ ലീഗിനെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിര്‍ത്തുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ഇപി പ്രതികരിച്ചു. എന്നാല്‍ ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ സീറ്റുകള്‍ നേടും. അംഗീകാരമുള്ള ജനപ്രതിയുള്ള സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് മത്സരിപ്പിക്കും. ഇരുപതില്‍ ഇരുപത് സീറ്റും എല്‍ഡിഎഫ് നേടുകയും ചെയ്യുമെന്നും ഇപി പറഞ്ഞു. എന്ത് തെറിയും പറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറി. ഒടുവില്‍ സഹോദരങ്ങള്‍ എന്നും പറയുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തര്‍ക്കത്തെ ഇപി പരിഹസിച്ചു. കഴിഞ്ഞ ദിവസം ഇപി സുധാകരന്‍-സതീശന്‍ തര്‍ക്കത്തില്‍ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തെറിയേ വന്നിട്ടുള്ളൂ, ഇനി അടുത്തത് അടിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരിഹാസം. കോണ്‍ഗ്രസ്സിന്റെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫില്‍ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്നും ഇപി ജയരാജന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ്സ് ലീഗിനെ അപമാനിക്കുകയാണ്. ഇനി നടക്കാനുള്ളത് അടി പരിഹാസ്യരായി തുടരണോയെന്ന് ലീഗ് ആലോചിക്കട്ടെ. കോണ്‍ഗ്രസ് നെറികനെതിരെ ലീഗ് അണികള്‍ ക്ഷുഭിതരാണ്. മുസ്ലിംലീഗിന് 60 വര്‍ഷമായി രണ്ട് സീറ്റാണ്. ലീഗിനെ പരിഗണിക്കേണ്ടതാണ്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നത്’, എന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.

1962ല്‍ കോണ്‍ഗ്രസില്‍ ചേരുന്ന സമയത്ത് മുസ്‌ലിം ലീഗിന് രണ്ടു സീറ്റുണ്ടായിരുന്നു. 2024 ആയി, ഇത്രയും കാലം ഈ രണ്ടു സീറ്റില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് സ്വാഭാവികമായും കൂടുതല്‍ സീറ്റിനു യോഗ്യതയുണ്ടോ അതോ ഇല്ലയോ എന്നായിരുന്നു ഇ പിയുടെ ചോദ്യം. അവര്‍ പരിഗണിക്കപ്പെടേണ്ടവരാണോ എന്നത് ആ മുന്നണിയുടെയും ലീഗിന്റെയും പ്രശ്‌നമാണ്. ലീഗിനെ പരിഗണിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്. പത്തറുപതു വര്‍ഷമായി ഈ രണ്ടു സീറ്റുമായി നടക്കുന്നു. ആ പരിഹാസ്യത അവര്‍ ചുമന്നുനടക്കണോയെന്ന് അവര്‍ത്തന്നെ ആലോചിക്കേെട്ടയെന്നും ഇപി പറഞ്ഞിരുന്നു.

അതേസമയം എല്‍ഡിഎഫ് ഒരു പാര്‍ട്ടിക്കായും വാതില്‍ തുറന്നുകൊടുക്കാറില്ലെന്നും ജനങ്ങള്‍ക്കായി ഞങ്ങളുടെ വാതിലുകള്‍ തുറന്നുവെച്ചിട്ടുണ്ടെന്നും ഇപി വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥത്തില്‍ ലീഗിനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമാണ്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. മുസ്‌ലിം ലീഗ് ചിന്തിച്ചാല്‍ അവര്‍ക്കു നല്ലത്. എന്തായാലും കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ മുന്നണി സുശക്തമാണ്. ഞങ്ങള്‍ ഒരു ടീമായി മുന്നോട്ടു കുതിക്കുകയാണ്. നിങ്ങളെല്ലാം കരുതുന്നതിനും അപ്പുറം വലിയ വിജയം നേടുമെന്നും ഇപി വ്യക്തമാക്കിയിരുന്നു.

Top