സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ പാണക്കാട് കുടുംബത്തെ മുന്‍നിര്‍ത്തി മുസ്ലിംലീഗ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇകെ വിഭാഗം)ക്കെതിരെ പാണക്കാട് കുടുംബത്തെ മുന്‍നിര്‍ത്തി ബദല്‍ നീക്കവുമായി മുസ്ലിംലീഗ്. പാണക്കാട് തങ്ങള്‍ ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് സമസ്തക്കെതിരായ നീക്കം. അടുത്ത മാസം 17ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മഹല്ല് നേതൃസംഗമത്തിലൂടെ ഇതിന് തുടക്കം കുറിക്കും.

സമസ്ത നൂറാം വാര്‍ഷികാഘോഷം ഈ മാസം തുടങ്ങാനിരിക്കെയാണ് സംഘടന പിളര്‍ത്താനും പിടിച്ചടക്കാനുമുള്ള ലീഗ് ശ്രമം. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ മൗനാനുവാദവും ഇതിന് പിന്നിലുണ്ട്.മഹല്ല് നേതൃസംഗമത്തിന്റെ സംഘാടന -പ്രചാരണ പ്രവര്‍ത്തനത്തില്‍ ലീഗ് നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ഹാജിയെ ബദല്‍ പ്രവര്‍ത്തനത്തിന് ലീഗ് ചുമതലപ്പെടുത്തി.

ഇദ്ദേഹമാണ് സംസ്ഥാന സംഘാടക സമിതി ചെയര്‍മാന്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ടും വയനാടും സംഘാടകസമിതി യോഗങ്ങളില്‍ ലീഗ് ജില്ലാ പ്രസിഡന്റടക്കം പങ്കെടുത്തു. പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഒപ്പം കുടുംബാംഗങ്ങളായ അബ്ബാസലി, റഷീദലി, ഹമീദലി, ബഷീറലി, മുനവറലി എന്നിവര്‍ ഖാസിമാരായ മഹല്ലുകളിലെ പ്രവര്‍ത്തകരെയാണ് സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖാസിയായ മഹല്ലുകളെ ഒഴിവാക്കിയിട്ടുമുണ്ട്.

ഒരു മഹല്ലില്‍നിന്ന് 10 പ്രവര്‍ത്തകരെ കോഴിക്കോട്ടെത്തിക്കാനാണ് നിര്‍ദേശം. ലീഗ് മണ്ഡലം-ശാഖ കമ്മിറ്റികള്‍ക്കാണ് ചുമതല. മഹല്ല് സംഗമ പ്രചാരണ ബോഡില്‍ സാദിഖലി തങ്ങളുടെ ഫോട്ടോ മാത്രമേ വയ്ക്കാവൂ എന്ന നിര്‍ദേശവുമുണ്ട്. ഫെബ്രുവരി 17ന് കോഴിക്കോട് സരോവരത്തെ ട്രേഡ് സെന്ററിലാണ് സംഗമം.

Top