അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിംലീഗ്‌

majeed

മലപ്പുറം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിംലീഗ്.

കലാപങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുകയാണ് ബിജെപി രീതി. കേരളത്തിലും അടുത്തിടെ ഇത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ട്. കേരളം കരുതിയിരിക്കണമെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബിജെപി നിലപാട് കേരളം മുഖവിലയ്‌ക്കെടുക്കില്ല. മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടിഞ്ഞിയിലെ ഫൈസല്‍ വധം, കാസര്‍കോട്ടെ റിയാസ് മൌലവി വധം, മലപ്പുറം ക്ഷേത്രത്തിലെ കവര്‍ച്ച എന്നിവ ബിജെപി അടുത്തിടെ നടത്തിയ വര്‍ഗീയ ധ്രുവീകരണത്തിന്റെ ശ്രമങ്ങളായി ചൂണ്ടിക്കാട്ടിയ മജീദ് കേരളം ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ് ഇത് പരാജയപ്പെട്ടതെന്നും അഭിപ്രായപ്പെട്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ സര്‍ക്കാര്‍ കടന്നു കയറുകയാണെന്നും മജീദ് ആരോപിച്ചു. മദ്യശാലകള്‍ അനുവദിക്കാന്‍ പഞ്ചായത്ത് എന്‍ഒസി വേണ്ടെന്ന തീരുമാനം ഇതിന്റെ ഉദാഹരണമാണ്. തിരഞ്ഞെടുപ്പ് കാലത്ത് അബ്കാരികളുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമാണിതെന്നും മജീദ് ആരോപിച്ചു.

Top