മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് മറ്റ് പാര്‍ട്ടികളുടെ സമ്മര്‍ദവും ഉപദേശവും നോക്കിയല്ല; പി എം എ സലാം

കോഴിക്കോട്: മറ്റ് പാര്‍ട്ടികളുടെ സമ്മര്‍ദവും ഉപദേശവും നോക്കിയല്ല മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ലീഗിന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ കഴിയും. റാലിയില്‍ പങ്കെടുക്കുന്നതിന് മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും പി എം എ സലാം വ്യക്തമാക്കി.

പലസ്തീന്‍ വിഷയത്തില്‍ യുഡിഎഫിനുള്ള ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതില്ലെന്ന സലാമിന്റെ നിലപാട് ശരിയാണെന്ന പ്രതികരണത്തിലാണ് മന്ത്രി എ കെ ശശീന്ദ്രന്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ഈ മാസം 11 നാണ് സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് നടക്കുന്നത്. റാലിയില്‍ പങ്കെടുക്കണമെന്ന അഭിപ്രായം ലീഗില്‍ ശക്തമാണ്. ഇതിന് തുടക്കമിട്ട ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ നിലപാട് ആവര്‍ത്തിക്കുയും ചെയ്തു. സി പി ഐ എം ക്ഷണത്തെ എതിര്‍ത്ത് ലീഗ് നേതാക്കളാരും രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നേരത്തെ സി പി ഐ എം സംഘടിപ്പിച്ച ഏക സിവില്‍ കോഡ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും ലീഗ് നിരസിച്ചിരുന്നു. യുഡിഎഫില്‍ നിന്ന് കൊണ്ട് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Top