അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണ ചുമതല മുസ്ലീം കുടുംബത്തിന്

highcourt

മുംബൈ : ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ല് നടക്കുന്ന ഇക്കാലത്ത് വളരെ വ്യത്യസ്തമായ ഒരു കേസ് പരിഗണിച്ചിരിക്കുകയാണ് മുംബൈ ഹൈക്കോടതി. അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളര്‍ത്തിയ മുസ്ലീം കുടുംബത്തിന് നല്‍കിയിരിക്കുകയാണ് കോടതി.

പെണ്‍കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചു പോയതാണ് അമ്മ. അന്നുമുതല്‍ അനാഥയായ പെണ്‍കുട്ടിയെ മുസ്ലീം കുടുംബമാണ് സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ 12 കൊല്ലം വളര്‍ത്തിയത്.

എന്നാല്‍, ഏതാനും മാസം മുന്‍പ് കുട്ടിയെ അമ്മയും പുരുഷ സുഹൃത്തും ചേര്‍ന്നു മുംബൈയിലെത്തി ബലമായി പിടിച്ചു കൊണ്ടു പോവുകയും കുടുംബം ഇതിനെതിരെ ശിശുക്ഷേമസമിതിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടിയെ രണ്ടു മാസം സൗത്ത് മുംബൈയിലെ ഉമര്‍ഖഡിയിലുള്ള ബാലികാ സദനത്തിലാക്കി.

മകളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളി കളഞ്ഞത്. പോറ്റമ്മയുടെ കൂടെ പോയാല്‍ മതിയെന്നും അതാണു തന്റെ വീടെന്നും പതിനാലു വയസുകാരി മൊഴി നല്‍കുകയും ചെയ്തതോടെയാണ് പോറ്റമ്മയുടെ ഒപ്പം പോവാന്‍ കോടതി പെണ്‍കുട്ടിക്ക് അനുമതി നല്‍കിയത്.

സ്വഭാവദൂഷ്യമുള്ള അമ്മയ്‌ക്കൊപ്പം വിടുന്നതു കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും, പെണ്‍കുട്ടി വളരെ ബുദ്ധിമതിയാണെന്നും അവളുടെ ആഗ്രഹങ്ങളും വയസും ഒരിക്കലും അവഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു. വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിഞ്ഞ കുട്ടിയെ അനാവശ്യമായി അനാഥാലയത്തിലാക്കേണ്ടി വന്നുവെന്നും കോടതി നിരീക്ഷിച്ചു.

Top