വനിതാ ഡെപ്യൂട്ടി ഡയറക്ടറുടെ കൊലപാതകം; ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ പക; ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക ഖനിവകുപ്പിലെ വനിതാ ഡെപ്യൂട്ടി ഡയറക്ടർ പ്രതിമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ബെംഗളൂരുവിൽനിന്ന് കടന്നുകളഞ്ഞ കിരണി(32)നെ 200 കിലോമീറ്ററോളം അകലെ ചാമരാജനഗറിൽനിന്നാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. തുടർന്ന് വിശദമായി ചോദ്യംചെയ്തതോടെ ഇയാൾ കുറ്റംസമ്മതിക്കുകയായിരുന്നു. പ്രതിമയുടെ ഔദ്യോഗിക വാഹനത്തിൽ ഡ്രൈവറായിരുന്ന കിരണിനെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ പകയാണ് കൊലപാതക കാരണമായി വിലയിരുത്തുന്നത്.

നാലുവർഷമായി പ്രതിമയുടെ കാർ ഡ്രൈവറായിരുന്നു കിരൺ. കരാർ അടിസ്ഥാനത്തിലാണ് ഇയാൾ ഖനിവകുപ്പിൽ ജോലിചെയ്തിരുന്നത്. അടുത്തിടെ വകുപ്പിൽനിന്ന് പ്രതിമയ്ക്ക് പുതുതായി അനുവദിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ, ഡ്രൈവറായ കിരൺ വാഹനം അപകടത്തിൽപ്പെട്ട വിവരം ഉദ്യോഗസ്ഥയെ അറിയിച്ചില്ല. പിന്നാലെ അനുമതിയില്ലാതെ അവധിയെടുക്കകയും ചെയ്തു. ഇത്തേതുടർന്നാണ് ഒരാഴ്ച മുൻപ് പ്രതിമ ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. പകരം മറ്റൊരു ഡ്രൈവറെയും നിയമിച്ചു. കഴിഞ്ഞദിവസം കിരൺ ഉദ്യോഗസ്ഥയെ കാണാനെത്തി. ജോലിയിൽ തിരികെയെടുക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം പ്രതിമ അവഗണിച്ചു. ഇതോടെ പ്രതിക്ക് വൈരാഗ്യമായെന്നും ഈ പകയിലാണ് ശനിയാഴ്ച രാത്രി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ കെ.എസ്.പ്രതിമ(45)യെ ഞായറാഴ്ച രാവിലെയാണ് ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തറയിൽ കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. ശ്വാസംമുട്ടിച്ചും പിന്നാലെ കഴുത്തറുത്തുമാണ് പ്രതി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാർട്ട്‌മെന്റിൽ പ്രതിമ തനിച്ചായിരുന്നു താമസം. ഭർത്താവ് സത്യനാരായണൻ സ്വദേശമായ തീർത്ഥഹള്ളിയിലാണ് താമസിക്കുന്നത്. 16 വർഷം മുൻപ് വിവാഹിതരായ ദമ്പതിമാർക്ക് പത്താംക്ലാസിൽ പഠിക്കുന്ന മകനുണ്ട്.

കൊലപാതകത്തിന് ശേഷം പ്രതി ബെംഗളൂരു വിട്ട പ്രതിയെ ചാമരാജനഗറിലെ മാലെ മഹാദേശ്വര ഹിൽസിൽനിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്ക് രണ്ടുപേർ സഹായം നൽകിയതായി സൂചനയുണ്ട്. ഇവർക്കായി പോലീസിന്റെ അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട പ്രതിമ മികച്ച ഉദ്യോഗസ്ഥയാണെന്നായിരുന്നു സഹപ്രവർത്തകരുടെ പ്രതികരണം. ധൈര്യശാലിയായ പ്രതിമ അടുത്തിടെ ചില സ്ഥലങ്ങളിൽ ജോലിയുടെ ഭാഗമായി റെയ്ഡ് നടത്തിയിരുന്നതായും ഇവർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തെ ഖനിമാഫിയകളിലേക്കും സംശയം നീണ്ടിരുന്നു.

Top