25നാണ് സിനിമ റിലീസ് ചെയ്യുന്നത്, ഭാഗ്യമുണ്ടാകട്ടെ; അതാണ് ഇനി സിനിമയ്ക്ക് വേണ്ടത്, മോഹന്‍ലാല്‍

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണഅ മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാലും സിനിമയും എങ്ങനെ ഉണ്ടാകും എന്നറിയനുള്ള കാത്തിരിപ്പിലാണ് ഏവരും. ജനുവരി 25നാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ഇപ്പോഴിതാ വാലിബനെ കുറിച്ച് തുറന്ന് പറയുകയാണ് മോഹന്‍ലാല്‍. പ്രമോഷന്‍ പ്രസ്മീറ്റിനിടെ ആണ് മോഹന്‍ലാലിന്റെ പ്രതികരണം.

‘ഇങ്ങനെയൊരു ജോണറിലൊരു സിനിമ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കാലമോ ദേശമോ ഒന്നുമില്ലാത്ത സിനിമയാണിത്. ഒരു കഥ പറയുമ്പോള്‍ നമുക്ക് എന്തൊക്കെ വേണമോ അതെല്ലാം വാലിബനിലും ഉണ്ട്. അതില്‍ പ്രേമമുണ്ട്, വിരഹമുണ്ട്, ദുഃഖവും സന്തോഷവും പ്രതികാരവും അസൂയയും ഉണ്ട്. ഒരു മനുഷ്യന്റെ വികാരങ്ങള്‍ എല്ലാം ഉള്ളൊരു സിനിമയാണ്. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നുള്ളതാണ്. നമ്മള്‍ സാധാരണ കാണാത്ത ഒരു ടെറൈനില്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കേരളത്തില്‍ നടന്ന കഥയാണോന്ന് ചോദിച്ചാല്‍ അല്ല. എവിടെ നടന്നതാണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഇന്ത്യയില്‍ എവിടെയോ ഒരു സ്ഥലത്ത്. എത്ര കാലം പഴമുള്ളതാണെന്ന് പറയാന്‍ പറ്റില്ല. അതാണ് കാലവും ദേശവും ഇല്ലെന്ന് പറഞ്ഞത്. സിനിമയിലെ കോസ്റ്റ്യൂം ആയാലും ഭാഷ ആയാലും ഗാനങ്ങളും സംഗീതവും ആയാലും ആ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. കഥ പറയുന്നൊരു രീതിയാണത്. വലിയൊരു ക്യാന്‍വാസില്‍ ഏറ്റവും മനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയെന്നാണ് ഞാന്‍ പറയുന്നത്. ഒരു സിനിമ നന്നാകണമെങ്കില്‍ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയാണ്. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളില്‍ അവിടുത്തെ ആള്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. അവരാരും ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ല. എന്നോട് കഥ പറയുന്ന സമയത്ത് അതിലേക്ക് എടുത്ത് ചാടിയതും അതുകൊണ്ടാണ്. ലിജോയെ വര്‍ഷങ്ങളായി അറിയാവുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടതാണ്. മുന്‍പ് പല സിനിമകളെയും കുറിച്ച് ചര്‍ച്ച ചെയ്തതാണ്. ചിന്തിച്ചതിനെക്കാള്‍ വലിയ ക്യാന്‍വാസില്‍ ചിത്രം കൊണ്ടു പോകേണ്ടി വന്നു. 25ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. ഭാഗ്യമുണ്ടാകട്ടെ. അതാണ് ഇനി സിനിമയ്ക്ക് വേണ്ടത്’, എന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇന്‍ട്രോ സീനില്‍ തിയറ്റര്‍ വിറയ്ക്കുമോ എന്ന ചോദ്യത്തിന്, ‘തിയറ്റര്‍ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയില്‍ ആ ആളെ കാത്തിരിക്കുമ്പോള്‍ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്‌കില്‍ ആണ്. ആ സ്‌കില്‍ വാലിബനില്‍ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാന്‍ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്’, എന്ന് വളരെ രസകരമായി മോഹന്‍ലാല്‍ മറുപടി നല്‍കി.

Top